കേപ് കാനവെറൽ: ചൊവ്വയുടെ പൊടിപടലംനിറഞ്ഞ പരുക്കൻ ഉപരിതലത്തിൽനിന്ന് പറന്നുയർന്ന് നാസയുടെ ചെറു ഹെലികോപ്റ്റർ പുതുചരിത്രം കുറിച്ചു. ഇൻജെന്യൂറ്റി എന്നു പേരിട്ടിരിക്കുന്ന 1.8 കിലോഗ്രാം ഭാരംമാത്രമുള്ള ഹെലികോപ്റ്ററിലൂടെ ചൊവ്വയിലും പറക്കാനാവുമെന്ന് നാസ തെളിയിച്ചു. അതും 17.8 കോടി മൈലുകൾക്കിപ്പുറം ഭൂമിയിൽനിന്ന് നിയന്ത്രിച്ച്. ഒരുഗ്രഹത്തിൽനിന്ന് നിയന്ത്രിച്ച് മറ്റൊരു ഗ്രഹത്തിൽ ഹെലികോപ്റ്റർ പറപ്പിക്കാനാവുമെന്ന കണ്ടുപിടിത്തം ഭാവിയിൽ ബഹിരാകാശയാത്രികരെ ചൊവ്വയിലേക്കെത്തിക്കുന്നതിന്റെ ആദ്യപടികൂടിയാവാം. തിങ്കളാഴ്ചയായിരുന്നു വിജയകരമായ പരീക്ഷണം. 1903-ൽ ഭൂമിയിലാദ്യമായി റൈറ്റ് സഹോദരന്മാർ വിമാനം പറത്തിയ അതേ പ്രാധാന്യത്തോടെയാണ് ശാസ്ത്രലോകം ഇൻജെന്യൂറ്റിയുടെ പറക്കൽപരീക്ഷണത്തിനായും കാത്തിരുന്നത്.

ഒരു മിനിറ്റിൽ താഴെ സമയമാണ് ചൊവ്വയിൽ ഇൻജെന്യൂറ്റി കോപ്റ്റർ പറന്നതെന്നാണ് വിവരം. 30 സെക്കൻഡിൽ മൂന്നുമീറ്റർ ഉയരത്തിൽ പറക്കുകയായിരുന്നു ലക്ഷ്യം. കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഫെബ്രുവരി 18-ന് ചൊവ്വയുടെ ജസേറോ ക്രേറ്ററിൽ ഇറങ്ങിയ നാസയുടെ ചൊവ്വാ ദൗത്യപേടകമായ പെഴ്‌സിവെറൻസിൽ ഘടിപ്പിച്ചാണ് ഇൻജെന്യൂറ്റിയെ ചൊവ്വയിലെത്തിച്ചത്. ആഴ്ചകൾക്കുശേഷം റോവർ ഇൻജെന്യൂറ്റിയെ ചൊവ്വാ ‘വ്യോമപരിധി’യിലെത്തിച്ചു. 65 മീറ്റർ ദൂരം മാറി ഹെലികോപ്റ്ററിനെ നിരീക്ഷിക്കുന്ന പെഴ്സിവെറെൻസാണ് കോപ്റ്റർ വിജയകരമായി പറന്നതിന്റെ സൂചനകൾ നൽകിയത്.

ഭൂമിയെക്കാൾ മൂന്നിലൊന്നുമാത്രം ഗുരുത്വാകർഷണബലവും ഭൂമിയുടെ ഒരുശതമാനംമാത്രം സാന്ദ്രതയുമുള്ള ചൊവ്വയിലെ പരീക്ഷണം ഏറെ ശ്രമകരമായിരുന്നു. പോരാത്തതിന് ചൊവ്വയുടേത് പരുപരുത്ത ഉപരിതലവുമാണ്. 31 ദിവസത്തെ ദൗത്യത്തിനുള്ള സജ്ജീകരണങ്ങളാണ് കോപ്റ്ററിലുള്ളത്. വരുംദിവസങ്ങളിൽ കൂടുതൽ പരീക്ഷണം കോപ്റ്റർ ഉപയോഗിച്ച് നടത്തുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.

Content Highlights: Ingenuity Mars