ജക്കാർത്ത: ഇൻഡൊനീഷ്യയിൽ അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് ശനിയാഴ്ച രാത്രി 9.30-ഓടെയുണ്ടായ സുനാമിയിൽ 222 പേർ മരിച്ചു. തെക്കൻ സുമാത്രയിലും സുൻഡ കടലിടുക്കിലും ജാവാ ദ്വീപിന്റെ പടിഞ്ഞാറേ അറ്റത്തുമാണ് രാക്ഷസത്തിരമാല കനത്തനാശം വിതച്ചത്. 843 പേർക്ക് പരിക്കേറ്റതായും 28 പേരെ കാണാതായതായും സർക്കാർവൃത്തങ്ങൾ അറിയിച്ചു.

കുപ്രസിദ്ധമായ ക്രകതോവ അഗ്നിപർവതത്തിന്റെ കുട്ടി എന്നറിയപ്പെടുന്ന അനക് ക്രാകതോവ അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്.

സുനാമി സാധ്യതയെക്കുറിച്ചോ ആളുകൾ കടൽത്തീരത്ത് പോകരുതെന്നോ നേരത്തേ മുന്നറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. കൂടുതൽപേരുടെ മരണത്തിന് ഇത് കാരണമായി. കരയിലേക്ക് 15 മുതൽ 20 വരെ മീറ്റർ ഉയരത്തിൽ കൂറ്റൻതിരമാലകൾ അടിച്ചുകയറി. 556 വീടുകൾ, ഒൻപതു ഹോട്ടലുകൾ, 60 പാചക സ്റ്റാളുകൾ, 350 ബോട്ടുകൾ എന്നിവയ്ക്ക് ശക്തമായ തിരമാലയിൽ കേടുപാടുകൾ സംഭവിച്ചു. തീരത്തോടുചേർന്ന മരങ്ങളും വൈദ്യുത പോസ്റ്റുകളും നിലംപതിച്ചു.

രക്ഷാപ്രവർത്തനങ്ങളും തിരച്ചിലും മേഖലയിൽ തുടരുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുള്ളതായാണ് റിപ്പോർട്ട്. വിനോദ സഞ്ചാരകേന്ദ്രമായ പടിഞ്ഞാറൻ ജാവൻ തീരത്ത് കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്.

അഗ്നിപർവതവും സുനാമിയും

കടലിനടിയിലെ അഗ്നിപർവതങ്ങൾ പൊട്ടിത്തെറിക്കുമ്പോൾ കരയിലേതുപോലെതന്നെ വലിയ അളവിൽ ലാവയും ചാരവും പുകയും പുറത്തുവരാറുണ്ട്. സ്ഫോടനത്തിന്റെ ശക്തിയിൽ ഭൂഫലകങ്ങൾ തെന്നിമാറുന്നു. ഇതിന്റെ ഫലമായി ശക്തമായ തിരമാലകൾ ഉണ്ടാകും. ഇത്തരം സുനാമികൾ അപൂർവമായേ ഉണ്ടാകാറുള്ളൂ. ജലനിരപ്പ് പെട്ടെന്നാണ് ഉയരുകയെന്നതിനാൽ ഭൂകമ്പങ്ങളെപ്പോലെ നേരത്തേ തിരിച്ചറിയാൻ സാധിക്കില്ല. ഇത്തരം സന്ദർഭങ്ങളിൽ മുന്നറിയിപ്പ് നൽകാനുള്ള സമയവും വളരെ കുറവായിരിക്കും. ഇത് ദുരന്തത്തിന്റെ ആഘാതംകൂട്ടും.

Content Highlights: tsunami, Indonesia