ന്യൂയോർക്ക്: ഇന്ത്യൻ വംശജൻ പരാഗ് അഗർവാൾ ട്വിറ്ററിന്റെ പുതിയ സി.ഇ.ഒ. ആയി ചുമതലയേറ്റു. കമ്പനിയുടെ സഹസ്ഥാപകൻ കൂടിയായ ജാക്ക് ഡോഴ്സി തിങ്കളാഴ്ച സി.ഇ.ഒ. സ്ഥാനമൊഴിഞ്ഞു. ബോംബെ ഐ.ഐ.ടി.യിലും സ്റ്റാൻഫഡിലും പഠിച്ച അഗർവാളിനെ ബോർഡംഗങ്ങൾ ഏകപക്ഷീയമായി തിരഞ്ഞെടുക്കുകയായിരുന്നു. 2010-ലാണ് അഗർവാൾ ട്വിറ്ററിൽ ചേരുന്നത്. അന്ന് കമ്പനിയിൽ ആയിരത്തിൽ താഴെ മാത്രം ജീവനക്കാരേ ഉണ്ടായിരുന്നുള്ളൂ.

സഹസ്ഥാപകൻ മുതൽ സി.ഇ.ഒ. വരെയുള്ള 16 കൊല്ലം നീണ്ട സേവനത്തിനു ശേഷം കമ്പനി വിടാൻ തീരുമാനിച്ചെന്ന് ഡോഴ്സി ട്വിറ്ററിൽ കുറിച്ചു. ഞായറാഴ്ച ‘ഞാൻ ട്വിറ്ററിനെ സ്നേഹിക്കുന്നു’ എന്ന് അദ്ദേഹം ട്വീറ്റു ചെയ്തിരുന്നു. ഡിജിറ്റൽ പണമിടപാട് സ്ഥാപനമായ സ്ക്വയറിന്റെയും ട്വിറ്ററിന്റെയും സി.ഇ.ഒ. ആയി ഒരേസമയം പ്രവർത്തിച്ചുവരുകയായിരുന്ന ഡോഴ്സി കഴിഞ്ഞകൊല്ലം മുതലേ സ്ഥാനമൊഴിയാൻ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ട്വിറ്ററിൽ വേണ്ടവിധം ശ്രദ്ധിക്കുന്നില്ലെന്നും സ്ക്വയറിന്റെ ചുമതലകൂടി വഹിക്കുന്നെന്നും ആരോപിച്ച് 2020-ൽ അദ്ദേഹത്തോട് സ്ഥാനമൊഴിയാൻ ട്വിറ്ററിന്റെ ഓഹരിയുടമയായ എലിയറ്റ് മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു.