ലണ്ടൻ: കശ്മീരിലെ മനുഷ്യാവകാശലംഘനങ്ങളുമായി ബന്ധപ്പെട്ടുനടന്ന ചർച്ചയിൽ ചില ബ്രിട്ടീഷ് എം.പി.മാർ നടത്തിയ പരാമർശങ്ങൾക്കെതിരേ ഇന്ത്യ. വിവിധ രാഷ്ട്രീയപ്പാർട്ടികളിലെ എം.പി.മാരുടെ കൂട്ടായ്മയായ ഓൾ പാർട്ടി പാർലമെന്റി സംഘത്തിന്റെ (എ.പി.പി.ജി.) യോഗത്തിൽ കശ്മീർവിഷയത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് വിവാദമായ പരാമർശങ്ങളുണ്ടായത്.

രാജ്യത്തിന്റെ അഭിഭാജ്യഘടകമായ കശ്മീരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരേയുള്ള പരാമർശങ്ങളിൽ പ്രതിഷേധിക്കുന്നതായി യു.എസിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ അറിയിച്ചു. പ്രമേയവുമായി ബന്ധപ്പെട്ട ചർച്ചയിൽ പാക് വംശജയായ എം.പി. നാസ് ഷാ, ഗുജറാത്ത് കലാപം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രിക്കെതിരേ സംസാരിച്ചിരുന്നു.

നാസ് ഷാ ഉൾപ്പെടെയുള്ള എം.പി.മാർ ഉപയോഗിച്ച ഭാഷ പ്രതിഷേധാർഹമാണ്. കശ്മീരിനെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് കൃത്യമായ തെളിവു ഹാജരാക്കേണ്ടതുണ്ടെന്നും ഹൈക്കമ്മിഷൻ പറഞ്ഞു. വിവിധ രാഷ്ട്രീയപ്പാർട്ടികളിലെ ഇരുപതിലധികം എം.പി.മാരാണ് ചർച്ചകളിൽ പങ്കെടുത്തത്.

മതന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിലെ ജനാധിപത്യത്തിൽ ശക്തമായ സംരക്ഷണം നൽകുന്നുണ്ടെന്നും കോവിഡ് പശ്ചാത്തലത്തിലും കശ്മീരിൽ പ്രാദേശിക തിരഞ്ഞെടുപ്പ് നടത്തിയതായും കൺസർവേറ്റീവ് പാർട്ടി എം.പി.മാരായ ബോബ് ബ്ലാക്ക്മാനും തെരേസ വില്ലേഴ്സും ചൂണ്ടിക്കാട്ടി.