ജറുസലേം: ഈ വർഷത്തെ അന്താരാഷ്ട്ര ഡാൻ ഡേവിഡ് പുരസ്കാരം പ്രശസ്ത ഇന്ത്യൻ ചരിത്രകാരൻ സഞ്ജയ് സുബ്രഹ്മണ്യത്തിന്. ആധുനികകാലത്തിന്റെ തുടക്കത്തിൽ ലോകത്തെ വിവിധ സാംസ്കാരികവിനിമയങ്ങളെയും സംഘർഷങ്ങളെയും കുറിച്ചുള്ള രചനകൾക്കാണ് പുരസ്കാരം.
ഇസ്രായേലിലെ ടെൽ അവീവ് സർവകലാശാല ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡാൻ ഡേവിഡ് ഫൗണ്ടേഷൻ ശാസ്ത്ര, സാങ്കേതിക, സാമൂഹിക രംഗങ്ങളിലെ സമഗ്രസംഭാവനയ്ക്ക് വർഷം മൂന്നുവിഭാഗങ്ങളിലായാണ് പുരസ്കാരം നൽകുന്നത്.
പ്രതിരോധവിശകലന വിദഗ്ധൻ കെ. സുബ്രഹ്മണ്യത്തിന്റെ മകനും മുൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറിന്റെ സഹോദരനുമാണ് സഞ്ജയ് സുബ്രഹ്മണ്യം. 10 ലക്ഷം യു.എസ്. ഡോളറാണ് (7,11,75,500 രൂപ) സമ്മാനത്തുക. ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. കെന്നത്ത് പോമറൻസുമായി അദ്ദേഹം പുരസ്കാരം പങ്കുവെക്കും.
ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് ഡോക്ടറേറ്റ് നേടിയിട്ടുള്ള സുബ്രഹ്മണ്യം സാമ്പത്തികചരിത്രകാരനായാണ് അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് രാഷ്ട്രീയ, ബൗദ്ധിക, സാംസ്കാരിക ചരിത്രകാരനിലേക്ക് പ്രവർത്തനം മാറ്റി. 2004 മുതൽ ലോസ് ആഞ്ജലിസിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിലാണ്. ചരിത്രത്തിൽ നൽകിയ സംഭാവനകൾക്ക് ഇൻഫോസിസിന്റെ മാനവീയതയ്ക്കുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. നമ്മൾ വായിക്കുന്നതിനേക്കാൾ വേഗത്തിൽ നന്നായി ചരിത്രമെഴുതുന്ന ആൾ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് സംഘടനയ്ക്കും കനേഡിയൻ എഴുത്തുകാരൻ ഇഗ്നാത്തീഫിനും കോസ്റ്ററിക്കൻ നയതന്ത്രജ്ഞ ക്രിസ്റ്റ്യാന ഫിഗ്വേഴ്സിനുമാണ് ഈവർഷത്തെ മറ്റു പുരസ്കാരങ്ങൾ.
എഴുത്തുകാരൻ അമിതാവ് ഘോഷ്, സംഗീതജ്ഞൻ സുബിൻ മേത്ത, പ്രമുഖ ശാസ്ത്രജ്ഞൻ സി.എൻ.ആർ. റാവു, ജ്യോതിശാസ്ത്രജ്ഞൻ ശ്രീനിവാസ് കുൽക്കർണി എന്നിവരാണ് നേരത്തേ ഡാൻ ഡേവിഡ് പുരസ്കാരം ലഭിച്ച ഇന്ത്യക്കാർ. ഡാൻ ഡേവിഡ് എന്ന അന്താരാഷ്ട്ര ബിസിനസുകാരൻ ഏർപ്പെടുത്തിയ പുരസ്കാരത്തിന്റെ 10 ശതമാനംതുക ജേതാക്കൾ അവരവരുടെ മേഖലയിലെ പുതുതലമുറയിലെ ഗവേഷണം പ്രോത്സാഹിപ്പിക്കാൻ നൽകണം. പുരസ്കാരസമർപ്പണചടങ്ങ് മേയിൽ നടക്കും.
Content Highlights: Indian Historian Sanjay Subrahmanyam win Dan David Award