ന്യൂഡൽഹി/നായ്‌പിഡോ: ചൈനയുമായി സംഘർഷം തുടരുന്നതിനിടെ തീരദേശ ഷിപ്പിങ് കരാറിൽ (കലാദാൻ) മ്യാൻമാറുമായി ഇന്ത്യ അന്തിമധാരണയിലെത്തി. മ്യാൻമാർ സ്റ്റേറ്റ് കൗൺസിലർ ആങ് സാൻ സ്യൂചിയുമായി കരസേനാമേധാവി എം.എം. നരവണെ, വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഘ്‌ള, ഇന്ത്യൻ സ്ഥാനപതി സൗരഭ് കുമാർ എന്നിവർ തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ. രണ്ടുദിവസത്തെ ഔദ്യോഗികസന്ദർശനത്തിനായാണ് ഇന്ത്യൻസംഘം മ്യാൻമാറിലെത്തിയത്. ചൈനയുടെ പിന്തുണയുള്ള ഉൾഫ ഭീകരസംഘടനയ്ക്കെതിരേ നടപടിയെടുക്കുന്ന വിഷയത്തിലും റോഹിംഗ്യൻ അഭയാർഥികളെ തിരിച്ചയക്കുന്നതും ബംഗ്ലാദേശിലും മ്യാൻമാറിലുമായി പുനരധിവസിപ്പിക്കുത് സംബന്ധിച്ചും ഇരുരാജ്യങ്ങളും ചർച്ച നടത്തി. മ്യാൻമാർ തിരഞ്ഞെടുപ്പ് നടക്കുന്ന നവംബർ എട്ടിനു മുന്നോടിയായി കലാദാൻ പദ്ധതിയടക്കമുള്ള വിഷയങ്ങളിൽ ധാരണയിലെത്തുകയായിരുന്നു സ്യൂചിയുടെ ലക്ഷ്യം.
ഇന്ത്യൻ കപ്പലുകൾക്ക് ബംഗാൾ ഉൾക്കടലിലെ സിത്‌വേ തുറമുഖം വഴിയും കലാദാൻ നദി വഴിയും മിസോറമിലെത്താൻ സാധിക്കുന്നതാണ് പദ്ധതി. മുൻപ്രധാനമന്ത്രി വാജ്പേയ് പ്രഖ്യാപിച്ച പദ്ധതി കഴിഞ്ഞ 20 വർഷത്തോളമായി മുടങ്ങിക്കിടക്കുകയായിരുന്നു.