ബെയ്ജിങ്: വ്യോമാതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ ഡ്രോണ്‍ (ആളില്ലാ ചെറുവിമാനം) തര്‍ക്കമേഖലയായ ഡോക്ലാമുള്‍പ്പെടുന്ന സിക്കിം മേഖലയില്‍ തകര്‍ന്നുവീണതായി ചൈന. തങ്ങളുടെ വ്യോമപരിധി ലംഘിച്ചതിന് ഇന്ത്യയോട് പ്രതിഷേധമറിയിച്ചതായും ചൈനീസ് വിദേശകാര്യവക്താവ് ഗെങ് ഷുവാങ് മാധ്യമങ്ങളോട് പറഞ്ഞു.

സിക്കിം മേഖലയില്‍ ഇന്ത്യയുടെയും ചൈനയുടെയും അതിര്‍ത്തി നിശ്ചയിച്ചിട്ടുണ്ടെന്ന് 1890-ലെ ചൈന-ബ്രിട്ടീഷ് കരാര്‍ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. എപ്പോഴാണ് സംഭവം നടന്നതെന്ന വിവരം ഷുവാങ് വ്യക്തമാക്കിയില്ല. ചൈനയുടെ പരമാധികാരം ലംഘിക്കുന്നതാണ് ഇന്ത്യയുടെ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

ഡ്രോണ്‍ തകര്‍ന്നുവീണ വിവരം ചൈനയെ അറിയിച്ചിരുന്നതായി ഇന്ത്യ പ്രതികരിച്ചു. അതിര്‍ത്തി നുഴഞ്ഞുകയറിയെന്ന ചൈനയുടെ വാദം തെറ്റാണ്. പതിവുപരിശീലനം നടത്തുകയായിരുന്ന ഡ്രോണ്‍ സാങ്കേതികത്തകരാര്‍ കാരണം നിയന്ത്രണം നഷ്ടപ്പെട്ട് സിക്കിം സെക്ടറില്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് ഇന്ത്യ വിശദീകരിച്ചു.