ഷിക്കാഗോ: കോവിഡ് ഭീതിയെത്തുടർന്ന് ഷിക്കാഗോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാപ്രദേശത്ത് മൂന്നുമാസത്തോളം കഴിച്ചുകൂട്ടിയയാൾ പോലീസ് പിടിയിൽ. ഇന്ത്യക്കാരനായ ആദിത്യ സിങ്ങാണ് (36) അറസ്റ്റിലായത്. ശനിയാഴ്ചയാണ് തിരിച്ചറിയൽ രേഖകളില്ലാത്ത സിങ്ങിനെ വിമാനത്താവള ജീവനക്കാരൻ കണ്ടെത്തിയത്.
തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടപ്പോൾ ഒരു ബാഡ്ജ് കാണിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, ഒക്ടോബറിൽ കാണാതായ വിമാനത്താവളത്തിലെ ഓപ്പറേഷൻസ് മാനേജരുടെ ബാഡ്ജാണിതെന്ന് കണ്ടെത്തിയതായും വിവരമുണ്ട്. ഒക്ടോബർ 19-നാണ് ലോസ് ആഞ്ജലിസിൽനിന്ന് സിങ് ഷിക്കാഗോയിലെത്തിയത്. കോവിഡ്ഭീതിയിൽ വീട്ടിൽപോകാൻ മടിച്ചു.
വിമാനത്താവളത്തിൽനിന്നാണ് ജീവനക്കാരന്റെ ബാഡ്ജ് കിട്ടിയെന്നാണ് സിങ് അധികൃതരോട് പറഞ്ഞിരിക്കുന്നത്. സംഭവം ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്ന് കുക്ക് കൗണ്ടി ജഡ്ജി സൂസന്ന ഓർടിസ് പറഞ്ഞു. ലോസ് ആഞ്ജലിസിന്റെ പരിസരപ്രദേശങ്ങളിൽ ജീവിക്കുന്ന സിങ്ങിന് ക്രിമിനൽ പശ്ചാത്തലമില്ലെന്നു വിലയിരുത്തിയ കോടതി 73,289 രൂപ (1000 ഡോളർ) പിഴയടച്ചാൽ ജാമ്യം അനുവദിക്കാമെന്ന് വ്യക്തമാക്കി. വിമാനത്താവളത്തിലേക്കുള്ള പ്രവേശനം നിഷേധിച്ചിട്ടുണ്ട്.
content highlights: Indian arrested in Chicago