വാഷിങ്ടൺ: സുപ്രധാനസ്ഥാനങ്ങളിലേക്ക് രണ്ട് ഇന്ത്യൻവംശജരെക്കൂടി നിയമിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ആരോഗ്യ വിദഗ്ധൻ വിദുർ ശർമയെ കോവിഡ് പ്രതികരണസംഘത്തിൻറെ പരിശോധനാ ഉപദേഷ്ടാവായും കശ്മീരിവേരുകളുള്ള സമീറ ഫാസിലിയെ ദേശീയ സാമ്പത്തികകൗൺസിൽ ഡെപ്യൂട്ടി ഡയറക്ടറായുമാണ് നിയമിച്ചത്.
രാജ്യത്തുനടക്കുന്ന വാക്സിനേഷൻപദ്ധതി ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശർമയുടെ നിയമനം. ഒബാമ ഭരണകാലത്ത് ആഭ്യന്തര നയരൂപവത്‌കരണസമിതിയിൽ ആരോഗ്യനയ ഉപദേഷ്ടാവായാണ് ശർമ പ്രവർത്തിച്ചിരുന്നത്.
ഒബാമകെയർ ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കുന്നതിൽ ശർമ നിർണായക പങ്കുവഹിച്ചിരുന്നു. ഇന്ത്യയിൽനിന്ന് കുടിയേറിയവരാണ് ശർമയുടെ മാതാപിതാക്കൾ.
ഭരണകൂടത്തിന്റെ സാന്പത്തികനയ രൂപവത്കരണ ചുമതലയാണ് സമീറയെ കാത്തിരിക്കുന്നത്. ബൈഡൻ-ഹാരിസ് സംഘത്തിന്റെ ഇക്കണോമിക് ഏജൻസിയുടെ ചുമതലയാണ് നിലവിൽ സമീറയ്ക്കുള്ളത്. നേരത്തേ അറ്റ്‌ലാൻറ ഫെഡറൽ റിസർവ് ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥയായിരുന്നു.
ഒബാമഭരണകാലത്ത് ഇതേ കൗൺസിലിൽ മുതിർന്ന നയ ഉപദേഷ്ടാവായി പ്രവർത്തിച്ചിരുന്നു. ബൈഡൻ ഭരണകൂടത്തിൽ ഉയർന്നപദവിയിലെത്തുന്ന കശ്മീരിൽ ജനിച്ച രണ്ടാമത്തെയാളാണ് സമീറ. നേരത്തേ ഡിജിറ്റൽ സ്ട്രാറ്റജി ടീമിൽ പാർട്നർഷിപ്പ്സ് മാനേജരായി ആയിഷ ഷായെ നിയമിച്ചിരുന്നു.