ന്യൂയോർക്ക്: ആഗോള ഭീകരസംഘടനയായ ഐ.എസിനെതിരായ നടപടികൾ ചർച്ച ചെയ്യുന്നതിനാകും ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിലെ അധ്യക്ഷ കാലയളവിൽ മുൻഗണന നൽകുന്നതെന്ന് ഇന്ത്യ. ആഫ്രിക്കയിലുൾപ്പെടെ ഐ.എസിൻറെ പ്രവർത്തനങ്ങൾ വർധിക്കുന്നതിനെക്കുറിച്ചുള്ള സെക്രട്ടറി ജനറലിന്റെ റിപ്പോർട്ട് സഭയിൽ ചർച്ചചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തി പറഞ്ഞു.

സമിതിയുടെ ഓഗസ്റ്റ് മാസത്തെ അധ്യക്ഷപദം ഇന്ത്യ ഞായറാഴ്ചയാണ് ഏറ്റെടുത്തത്. ഈ മാസത്തെ അജൻഡ ഇന്ത്യയാണ് തീരുമാനിക്കുക. വിവിധ വിഷയങ്ങളിൽ ഉന്നതതല യോഗങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമുദ്രസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിലാകും ആദ്യ ചർച്ച. തുടർന്ന് സമാധാനപാലനം, ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയും ചർച്ചചെയ്യും. 15 അംഗ രക്ഷാസമിതിയിലെ താത്കാലിക അംഗങ്ങളിലൊന്നാണ് ഇന്ത്യ.