യുണൈറ്റഡ് നേഷൻസ്: പാകിസ്താൻ അഭയം നൽകിയിട്ടുള്ള അധോലോകനായകൻ ദാവൂദ് ഇബ്രാഹിമിനും അയാളുടെ അന്താരാഷ്ട്ര ശൃംഖല ഡി-കമ്പനിക്കുമെതിരേ യു.എൻ. രക്ഷാസമിതി നടപടിയെടുക്കണമെന്ന് ഇന്ത്യ. 1993-ൽ 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ബോംബ് സ്ഫോടനത്തിന്റെ പ്രധാന സൂത്രധാരനാണ് ദാവൂദ് ഇബ്രാഹിം. ഇവരുടെ അധോലോക പ്രവർത്തനം ഇപ്പോഴും ഭീഷണി ഉയർത്തുന്നുണ്ടെന്നും ഇന്ത്യ യു.എന്നിനെ അറിയിച്ചു.

ആഗോളഭീകരസംഘടന ജെയ്ഷെ മുഹമ്മദിന്റെ സ്ഥാപകൻ മസൂദ് അസ്ഹറിനെ യു.എൻ. ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ദീർഘനാളത്തെ ആവശ്യം മേയിൽ ഫലം കണ്ടിരുന്നു. ചൈനയുടെ എതിർപ്പ് മറികടന്നാണ് അന്ന് ഇന്ത്യ നയതന്ത്രവിജയം നേടിയത്. അതിനുപിന്നാലേയാണ് ദാവൂദ് ഇബ്രാഹിമിനും ഡി-കമ്പനിക്കും ജയ്ഷെ മുഹമ്മദിനും ലഷ്കർ ഇ തയ്ബയ്ക്കുമെതിരേ നടപടിവേണമെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യദ് അക്ബറുദ്ദീൻ ചൊവ്വാഴ്ച ആവശ്യപ്പെട്ടത്.

അന്താരാഷ്ട്ര ഭീകരപ്രവർത്തനങ്ങളും സംഘടിത കുറ്റകൃത്യങ്ങളും എന്നവിഷയത്തിൽ കൗൺസിലിൽ നടന്ന ചർച്ചയിലാണ് അക്ബറുദ്ദീൻ ദാവൂദ് ഇബ്രാഹിമിനെ സംരക്ഷിക്കുന്ന പാകിസ്താനെ പേരെടുത്തുപറയാതെ വിമർശിച്ചത്. ഡി-കമ്പനിയുടെ അധോലോക സാമ്പത്തിക പ്രവർത്തനങ്ങൾ മേഖലയ്ക്ക് പുറത്ത് അത്ര പരിചിതമാവില്ല. എന്നാൽ സുരക്ഷിതമായ ഒരിടത്തിരുന്ന് അവർ സ്വർണക്കടത്തും കള്ളപ്പണം കൈമാറ്റവും ആയുധം-മയക്കുമരുന്നു കടത്തലും നടത്തുന്നുണ്ട്. ഇതറിഞ്ഞിട്ടും അറിയാത്തപോലെയാണ് ആ രാജ്യം പെരുമാറുന്നത് -അക്ബറുദ്ദീൻ പറഞ്ഞു. ദാവൂദ് ഇബ്രാഹിം കറാച്ചിയിൽ സുരക്ഷിതനായി ഉണ്ടെന്ന് കഴിഞ്ഞദിവസം അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.

ലോകത്തിനുമൊത്തം ഭീഷണിയായ ആഗോള ഭീകരസംഘടന ഇസ്‌ലാമിക് സ്റ്റേറ്റിനെ തോൽപ്പിക്കാൻ ലോകരാഷ്ട്രങ്ങളുടെ കൂട്ടായ പരിശ്രമംകൊണ്ടാണ് സാധിച്ചത്. അതേ കൂട്ടായ്മ ദാവൂദ് ഇബ്രാഹിമും ഡി-കമ്പനിയും ജയ്ഷെ മുഹമ്മദും ലഷ്കർ ഇ തയ്ബയും അൽ ഖ്വയ്ദയും ഉയർത്തുന്ന ഭീഷണിക്കെതിരെയും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

മേയ് മാസത്തിൽ 1267 ഉപരോധസമിതി നിയമപ്രകാരമാണ് മസൂദ് അസ്ഹറിനെ യു.എൻ.രക്ഷാസമിതി ആഗോളഭീകരനായി പ്രഖ്യാപിച്ചത്. അൽ ഖ്വയ്ദ, ഐ.എസ്. എന്നിവക്കെതിരേയും ഇതേസമിതിതന്നെയാണ് നടപടിയെടുത്തത്.

ഡി-കമ്പനിയുടെ വിദേശരാജ്യങ്ങളിലെ പ്രവർത്തനം ഏകോപിപ്പിക്കുന്ന ദാവൂദിന്റെ അടുത്ത അനുയായി ജാബിർ മോട്ടിവാലയെ കഴിഞ്ഞവർഷം ബ്രിട്ടനിലെ സ്കോട്ട്‌ലൻഡ് യാർഡ് പോലീസ് അറസ്റ്റുചെയ്തിരുന്നു. എഫ്.ബി.ഐ.ചുമത്തിയ വിവിധ കേസുകളിലാണ് അറസ്റ്റ്. ഇയാളെ വിചാരണയ്ക്കായി വിട്ടുകിട്ടാൻ യു.എസ്. ശ്രമിച്ചുവരികയാണ്. ഈ അവസരത്തിലാണ് ഇന്ത്യയും നടപടി ആവശ്യപ്പെടുന്നത്.

ദാവൂദ് ഇബ്രാഹിം, സഹോദരൻ അനിസ് ഇബ്രാഹിം കസ്കർ, അസിസ് മൂസ ബിലാകിയ, ഛോട്ട ഷക്കീൽ, ഇബ്രാഹിം ടൈഗർ മേമൻ, ഡി-കമ്പനി, ഇവരുമായി ബന്ധപ്പെട്ട പാകിസ്താനിലെ സ്ഥാപനങ്ങൾ എന്നിവയ്ക്കെതിരേ യു.എസ്. വിവിധ വകുപ്പുകൾ അനുസരിച്ച് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ആഗോളഭീകരപ്രവർത്തനവും സംഘം ചേർന്നുള്ള കുറ്റകൃത്യങ്ങളും നിയന്ത്രിക്കണമെന്നുതന്നെയാണ് രക്ഷാസമിതിയിൽ ചർച്ചയിൽ പങ്കെടുത്തവരെല്ലാം ആവശ്യപ്പെട്ടത്. ഭീകരർക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചുവരികയാണെന്ന് പാകിസ്താന്റെ സ്ഥിരം പ്രതിനിധി മലീഹ ലോധി ആവർത്തിക്കുകയും ചെയ്തു.

Content Highlights: india wants action against dawood ibrahim