ന്യൂയോർക്ക്: ഇന്ത്യയുമായി വ്യാപാരക്കരാർ ഉടനെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂയോർക്കിൽ 74-ാം യു.എൻ. പൊതുസഭാ സമ്മേളനത്തിനിടെ നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. യു.എസും ഇന്ത്യയും തമ്മിലുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്താൻ കരാർ കാരണമാകും. അതിനുള്ള ചർച്ച അതിവേഗം പുരോഗമിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
“കശ്മീർ വിഷയം പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാനും ചേർന്ന് വഴി കണ്ടെത്തുമെന്നാണ് പ്രതീക്ഷ. ഭീകരവാദത്തെ എങ്ങനെ നേരിടണമെന്ന് മോദിക്ക് നല്ല ബോധ്യമുണ്ട്. ഇന്ത്യക്ക് നല്ലൊരുപ്രധാനമന്ത്രിയാണുള്ളത്. അദ്ദേഹം ഈ വിഷയം പരിഹരിക്കും. അതിൽ സംശയമില്ല.”-ട്രംപ് പറഞ്ഞു.
കൂടിക്കാഴ്ചയിൽ ട്രംപ് മോദിയെ വാനോളം പുകഴ്ത്തുകയും ചെയ്തു. ഇന്ത്യക്ക് പിതൃതുല്യനായ മോദി റോക്ക് സ്റ്റാറാണെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായവ്യത്യാസമില്ലാതെ കാര്യങ്ങളെല്ലാം ഒന്നിപ്പിക്കാൻ കുടുംബത്തിലെ അച്ഛനെപ്പോലെ അദ്ദേഹം പ്രവർത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടുദിവസത്തിനുള്ളിൽ രണ്ടാംതവണയാണ് ഇരുവരും കാണുന്നത്. ഞായറാഴ്ച ഹൂസ്റ്റണിൽ നടന്ന ഹൗഡി മോദി സംഗമത്തിലും ഇരുനേതാക്കളും പങ്കെടുത്തിരുന്നു.
ചൊവ്വാഴ്ച ഇന്ത്യൻ സമയം 9.45-നാണ് യു.എൻ. ആസ്ഥാനത്ത് ഇരുനേതാക്കളും ഒന്നിച്ചിരുന്നത്. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, വാണിജ്യമന്ത്രി പീയൂഷ് ഗോയൽ, യു.എസ്. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ഹൂസ്റ്റണിൽ ഹൗഡി മോദി പരിപാടിയിൽ പങ്കെടുത്തതിൽ മോദി ട്രംപിന് നന്ദി പറഞ്ഞു. ട്രംപ് തന്റെയും ഇന്ത്യയുടെയും അടുത്ത സുഹൃത്താണെന്നും മോദി പറഞ്ഞു. ഹൗഡി മോദി സംഗമത്തിന്റെ ഫോട്ടോയും മോദി ട്രംപിന് സമ്മാനമായി നൽകി.
‘വിവിധ വിഷയങ്ങളിൽ ട്രംപുമായി ഫലവത്തായ ചർച്ച നടത്തി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യവും ലോകത്തെ ഏറ്റവും പഴയ ജനാധിപത്യരാജ്യവും തമ്മിൽ ഇത്തരത്തിലൊരു അടുപ്പമുണ്ടാകുന്നത് അഭിനന്ദനീയമാണ്. മൂല്യങ്ങളിൽ അധിഷ്ഠിതമായ സൗഹൃദമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. അധികാരത്തിലെത്തിയശേഷം നാലുമാസത്തിനുള്ളിൽ മൂന്നാംതവണയാണ് ട്രംപുമായി ഉഭയകക്ഷി വിഷയങ്ങളിൽ ചർച്ച നടത്തുന്നതെന്നും മോദി പറഞ്ഞു. പാകിസ്താന്റെ പിന്തുണയോടെ നടക്കുന്ന ഭീകരവാദം, സുരക്ഷ, വ്യാപാരവിഷയങ്ങൾ എന്നിവയും കൂടിക്കാഴ്ചയിൽ ചർച്ചയായി.
മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുൻപായി കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷവും ട്രംപ് ഈ വാഗ്ദാനം മുന്നോട്ടുവെച്ചിരുന്നു.
content highlights: India US trade deal