ബെയ്ജിങ്/ന്യൂഡൽഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അരുണാചൽപ്രദേശ് സന്ദർശിച്ചതിന് എതിർപ്പുമായി ചൈന. കഴിഞ്ഞ ശനിയാഴ്ച അരുണാചലിലെത്തിയ നായിഡു സംസ്ഥാനനിയമസഭയെ അഭിസംബോധന ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അരുണാചൽ ഇന്ത്യൻ സംസ്ഥാനമാണെന്ന വസ്തുത അംഗീകരിക്കാതെ ചൈനയുടെ പ്രതികരണം. അരുണാചലിൽ തങ്ങൾക്ക് അവകാശമുണ്ടെന്നാണ് ചൈനയുടെ വാദം.

ചൈനയുടെ പ്രതികരണത്തിൽ ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. അരുണാചൽപ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരീന്ദം ബാഗ്ചി പറഞ്ഞു. മറ്റൊരു രാജ്യത്തിനും അതിൽ അവകാശമില്ല. സ്വന്തം രാജ്യത്തെ സംസ്ഥാനം സന്ദർശിക്കുന്നതിൽനിന്ന് ഇന്ത്യൻനേതാവിനെ വിലക്കാൻ ചൈനയ്ക്കാവില്ല. ചൈനീസ് വക്താവിന്റെ പ്രസ്താവന ഇന്ത്യ തള്ളുന്നു. മറ്റു സംസ്ഥാനങ്ങളിലെന്നപോലെ നേതാക്കൾ സ്ഥിരമായി അരുണാചൽപ്രദേശ് സന്ദർശിക്കാറുണ്ടെന്നും ബാഗ്ചി പറഞ്ഞു.

നായിഡുവിന്റെ സന്ദർശനത്തെ ശക്തമായി എതിർക്കുന്നുവെന്നാണ് ചൈനീസ് വിദേശമന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ പറഞ്ഞത്. ചൈനയുടെ ഉത്കണ്ഠ ഇന്ത്യ കണക്കിലെടുക്കണമെന്നും പരസ്പര വിശ്വാസത്തെയും ഉഭയകക്ഷി ബന്ധത്തെയും ദുർബലപ്പെടുത്തുന്ന നിലപാടുകളിൽനിന്ന്‌ വിട്ടുനിൽക്കണമെന്നും ലിജിയാൻ പറഞ്ഞു. നേരത്തേയും ഇന്ത്യൻ നേതാക്കളുടെ അരുണാചൽ സന്ദർശനങ്ങൾക്കെതിരേ ചൈന പ്രതിഷേധിച്ചിട്ടുണ്ട്. അതിർത്തിയിലെ അവശേഷിക്കുന്ന പ്രശ്നം പരിഹരിക്കാൻ ഞായറാഴ്ച ഇന്ത്യയും ചൈനയും നടത്തിയ കോർ കമാൻഡർ ചർച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് ലിജിയാന്റെ പ്രതികരണം. ഇന്ത്യ മുന്നോട്ടുവെച്ച ക്രിയാത്മക നിർദേശങ്ങളൊന്നും അംഗീകരിക്കാൻ ചൈന തയ്യാറായില്ലെന്നും പ്രശ്നപരിഹാരത്തിനുള്ള ധാരണകളിൽ എത്താനായില്ലെന്നും കരസേന അറിയിച്ചു.