വാഷിങ്ടൺ: കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഇന്ത്യയ്ക്ക് കൂടുതൽ സഹായം ഉറപ്പുനൽകി യു.എസ്. വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ഇന്ത്യയുടെ ക്ഷേമം യു.എസിന് പ്രധാനപ്പെട്ടതാണെന്നും അവർ വ്യക്തമാക്കി. ‘‘കോവിഡിന്റെ തുടക്കത്തിൽ യു.എസ്. പ്രതിസന്ധി നേരിട്ടപ്പോൾ ഇന്ത്യ സഹായവുമായെത്തി. ഇപ്പോൾ ഇന്ത്യ വെല്ലുവിളി നേരിടുമ്പോൾ യു.എസ്. സഹായിക്കാനുള്ള ദൃഢനിശ്ചയത്തിലാണ്.’’ -കമല പറഞ്ഞു.

സഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ച നടത്തിയതിനുപിന്നാലെ യു.എസ്. സഹായമെത്തിയതായി കമല ചൂണ്ടിക്കാട്ടി. വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന ഓക്സിജൻ സിലിൻഡറുകൾ, എൻ-95 മുഖാവരണങ്ങൾ, റെംഡെസിവിർ മരുന്ന് എന്നിവ വിതരണം ചെയ്തിട്ടുണ്ടെന്നും കൂടുതൽ സഹായങ്ങൾ വരാനിരിക്കുന്നതായും അവർ വ്യക്തമാക്കി. ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ കുതിച്ചുചാട്ടവും മരണങ്ങളും ഹൃദയഭേദകമാണ്. പ്രിയപ്പെട്ടവരെ നഷ്ടമായവരോട് അനുശോചനം അറിയിക്കുന്നു. അവർ പറഞ്ഞു. കോവിഡ് ദുരിതബാധിതരെ സഹായിക്കാൻ യു.എസിലെ ഇന്ത്യൻ വംശജർ നടത്തുന്ന സംഭാവനകളെയും കമല അഭിനന്ദിച്ചു.

ധനസമാഹരണവുമായി പ്രമീള ജയപാൽ

ഇന്ത്യയെ സഹായിക്കാൻ ധനസമാഹാരണത്തിന് അഭ്യർഥനയുമായി ഇന്ത്യൻ വംശജയായ യു.എസ്. കോൺഗ്രസ് അംഗം പ്രമീള ജയപാൽ. ‘‘ഇന്ത്യക്ക് നമ്മുടെ സഹായം ആവശ്യമാണ്. പ്രതിസന്ധിഘട്ടങ്ങളിൽ സഹായിക്കുന്നത് യു.എസിന്റെ ധാർമിക ഉത്തരവാദിത്വമാണ്.’’ -അവർ വ്യക്തമാക്കി. ലഭിക്കുന്ന സംഭാവന മൂന്ന് സംഘടനകൾക്ക് കൈമാറുമെന്ന് പ്രമീള വ്യക്തമാക്കി. കോവിഡ് രക്ഷാ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനായി പ്രവർത്തിക്കുന്ന വിഷ് ഫൗണ്ടേഷൻ, രോഗബാധിതരായി മരണമടഞ്ഞവരുടെ കുടുംബങ്ങളെ സംരക്ഷിക്കുന്ന ഗിവ് ഇന്ത്യ, കുടിയേറ്റക്കാർക്കും ദരിദ്രർക്കും ഭക്ഷണം, പണം, മരുന്നുകൾ എന്നിവ എത്തിച്ചുകൊടുക്കുന്ന എദേൽഗീവ് ഫൗണ്ടേഷൻ എന്നീ സംഘടനകൾക്കാണ് കൈമാറുകയെന്ന് പ്രമീള വ്യക്തമാക്കി. കോവിഡ് ബാധിതരായി ഇന്ത്യയിലെ ആശുപത്രിയിൽ കഴിയുന്ന മാതാപിതാക്കളെ പ്രമീള അടുത്തിടെ സന്ദർശിച്ചിരുന്നു. ചെന്നൈയിൽ ജനിച്ച പ്രമീള ജനപ്രതിനിധിസഭയിലെ വാഷിങ്ടണിൽനിന്നുള്ള പ്രതിനിധിയാണ്‌.