യുണൈറ്റഡ് നേഷൻസ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തർക്കങ്ങൾ അർഥവത്തായ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. അന്താരാഷ്ട്രതലത്തിൽ ഇന്ത്യക്കും പാകിസ്താനും വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ഇരുരാജ്യങ്ങളും പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് ഗുട്ടെറസ് പറഞ്ഞു.
കശ്മീരിലെ മനുഷ്യാവകാശ പ്രശ്നങ്ങളിൽ യു.എന്നിന്റെ മനുഷ്യാവകാശ ഹൈക്കമ്മിഷണർ അടുത്തിടെ വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. മനുഷ്യാവകാശ പ്രശ്നങ്ങളിൽ യു.എൻ. തങ്ങളുടെ ഉത്തരവാദിത്വം നന്നായി നിർവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.