ഇസ്‌ലാമാബാദ്: ഒക്ടോബറിലോ നവംബറിലോ ഇന്ത്യയും പാകിസ്താനും തമ്മിൽ പൂർണയുദ്ധം നടക്കുമെന്ന് പാകിസ്താൻ റെയിൽവേ മന്ത്രി ശൈഖ് റഷീദ് അഹമ്മദ്. കശ്മീർ യുദ്ധത്തിന്റെ നിർണായക സമയമാണിതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള അവസാനയുദ്ധമായിരിക്കും ഇതെന്നും റാവൽപിണ്ടിയിൽ മാധ്യമങ്ങളോടു അദ്ദേഹം പറഞ്ഞു. കശ്മീരിനായി ഏതറ്റംവരെയും പോകുമെന്നും അണ്വായുധം പ്രയോഗിക്കാൻ പാകിസ്താന് ഭയമില്ലെന്നും പ്രധാനമന്ത്രി ഇമ്രാൻഖാൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
താഴ്‌വരയിൽ കശ്മീരികളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് റഷീദ് അഹമ്മദ് ആവർത്തിച്ചു. “മുഹറത്തിനുശേഷം മേഖല സന്ദർശിക്കും. ഇന്ത്യയിലെ മുസ്‌ലിംവിരുദ്ധ മനോഭാവം വർഷങ്ങൾക്കുമുമ്പുതന്നെ ജിന്ന മനസ്സിലാക്കി. ഇന്ത്യയുമായി ഇനിയും ചർച്ചയ്ക്ക് സാധ്യതയുണ്ടെന്ന് കരുതുന്നവർ വിഡ്ഢികളാണ്” -മന്ത്രി പറഞ്ഞു.
ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനുപിന്നാലെയാണ് പാക് പ്രകോപനം. വിഷയം അന്താരാഷ്ട്രതലത്തിലേക്ക് ഉയർത്താൻ പാകിസ്താൻ നിരന്തരം ശ്രമം നടത്തുകയാണ്.