ന്യൂയോർക്ക്: കശ്മീരിലെ പുൽവാമയിലും ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ചിലുമുണ്ടായ ഭീകരാക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡനും. ന്യൂയോർക്കിൽ നടക്കുന്ന 74-ാമത് യു.എൻ. പൊതുസഭാസമ്മേളത്തിനിടെയാണ് ഇരുരാഷ്ട്രനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഭീകരവിരുദ്ധപോരാട്ടത്തിൽ ഇരുരാജ്യങ്ങളും കൈകോർക്കുമെന്നും കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തുവിട്ട പ്രസ്താവനയിൽ ഇരുവരും വ്യക്തമാക്കി.
അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷിന്യാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഭീകരവിരുദ്ധപോരാട്ടം, പ്രതിരോധം, സൈബർ സുരക്ഷ തുടങ്ങിയ മേഖലയിലെ സഹകരണം സംബന്ധിച്ച് ചർച്ചനടന്നു. യു.എൻ. രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ പരിശ്രമങ്ങൾക്ക് പഷിന്യാൻ പിന്തുണയറിയിച്ചു.
കരീബിയൻ രാഷ്ട്രത്തലവന്മാരുമായി നടത്തിയ ചർച്ചയിൽ കരീബിയൻ കമ്യൂണിറ്റി ആൻഡ് കോമൺ മാർക്കറ്റ് (കരികോം) വികസനപദ്ധതികൾക്കായി 1.4 കോടി ഡോളറും (ഏകദേശം നൂറുകോടി രൂപ) സോളാർ, പുനരുപയോഗിക്കാവുന്ന ഊർജം, കാലാവസ്ഥാവ്യതിയാനം എന്നിവ സംബന്ധിച്ച പദ്ധതികൾക്കായി 15 കോടി ഡോളറും (ഏകദേശം ആയിരംകോടി രൂപ) മോദി സഹായധനം പ്രഖ്യാപിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. കരീബിയൻനേതാക്കളുമായി ഇന്ത്യൻ ഭരണത്തലവൻ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.
ബെൽജിയം പ്രധാനമന്ത്രി ചാൾസ് മിഷേലുമായും പ്രധാനമന്ത്രി ചർച്ചനടത്തി. യൂറോപ്യൻ കൗൺസിൽ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട മിഷേലിനെ മോദി അഭിനന്ദിച്ചു. യൂറോപ്യൻ യൂണിയനും ഇന്ത്യയുമായുള്ള സൗഹൃദവും സഹകരണവും മെച്ചപ്പെടുത്തുന്നതിന് ചർച്ചയിൽ ധാരണയായി. 15-ാമത് ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടി ഉടൻ നടത്താനും തീരുമാനമായി. യുക്രൈൻ, ബൾഗേറിയ എന്നീ രാഷ്ട്രത്തലവൻമാരുമായും പ്രധാനമന്ത്രി ചർച്ചനടത്തി.
content highlights : India Newzealand join hands to fight terrorism