ന്യൂയോർക്ക്: യു.എസിൽ നാലുപേർക്ക് ബാക്ടീരിയ ബാധയെത്തുടർന്ന് ദുരൂഹമായ രോഗം സ്ഥിരീകരിക്കുകയും രണ്ടു പേർ മരിക്കുകയും ചെയ്ത സംഭവത്തിന് കാരണം ഇന്ത്യൻ നിർമിത പെർഫ്യൂമെന്ന് യു.എസ്. സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ.

യു.എസിലെ ജോർജിയ, കൻസാസ്, ടെക്സസ്, മിന്നെസോട്ട സംസ്ഥാനങ്ങളിൽ ഒരു വർഷത്തിനിടെ നാലുപേരിൽ ’ബർകോൾഡേരിയ സ്യൂഡോമെല്ലി’ എന്ന ബാക്ടീരിയ കാരണമുണ്ടാകുന്ന മെലിയോയിഡോസിസ് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇവരിൽ രണ്ടുപേർ മരിച്ചു.

തുടർന്നു നടത്തിയ പരിശോധനയിൽ ഇന്ത്യൻ നിർമിതമായ ’ബെറ്റർ ഹോംസ് ആൻഡ് ഗാർഡൻസ് പെർഫ്യൂമിൽ ഇതേ ബാക്ടീരിയയുെട സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ജോർജിയയിൽ രോഗബാധിതനായ വ്യക്തിയുടെ വീട്ടിൽനിന്നും ഇതേ പെർഫ്യൂം കണ്ടെത്തിയിരുന്നു.

രോഗിയിൽ കാണപ്പെട്ട അതേ ബാക്ടീരിയ പെർഫ്യൂമിലുമുണ്ടായിരുന്നു. വാൾമാർട്ടിൻറെ 55 കടകൾ വഴി ഈ പെർഫ്യൂം വിറ്റിരുന്നു. സി.ഡി.സി.യുടെ കണ്ടെത്തലോടെ വാൾമാർട്ട് ഈ പെർഫ്യൂമും ഇതുമായി ബന്ധപ്പെട്ട ഉത്‌പന്നങ്ങളും പിൻവലിച്ചതായി അറിയിച്ചിട്ടുണ്ട്.

Content Highlights: India-made spray linked to rare illness in U.S.