ഹേഗ്: രാസായുധ ഉപയോഗം തടയാനുള്ള രാസായുധ നിരോധന സംഘടനയുടെ (ഒ.പി.സി.ഡബ്ല്യു.) തീരുമാനത്തിനെതിരേ ഇന്ത്യ വോട്ടുചെയ്തു. രാസായുധ ഉപയോഗത്തിനെതിരേ ആഗോളതലത്തിൽ നിലനിൽക്കുന്ന നിരോധനം ശരിവയ്ക്കുന്ന കാര്യം ചർച്ചചെയ്യാൻ ബ്രിട്ടൻറെയും യു.എസിന്റെയും നേതൃത്വത്തിലാണ് ഒ.പി.സി.ഡബ്ല്യു.വിന്റെ പ്രത്യേക സമ്മേളനം വിളിച്ചത്. വിശദമായ ചർച്ചകളില്ലാതെയാണ് കരട് പുറത്തിറക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ വിയോജിപ്പ്.

രാസായുധ ഉപയോഗത്തിനെ ഇന്ത്യ എതിർക്കുന്നുവെന്നും അത്തരം പ്രവൃത്തികൾ ചെയ്യുന്നവരെ ശിക്ഷിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും ഹേഗിൽനടന്ന രാസായുധസംഘടനയുടെ പ്രത്യേക സമ്മേളനത്തിൽ ഇന്ത്യൻ സ്ഥാനപതിയും ഒ.പി.സി.ഡബ്ല്യു.വിലെ സ്ഥിരാംഗവുമായ വേണു രാജാമണി പറഞ്ഞു.

ഇന്ത്യയെക്കൂടാതെ മറ്റ് 23 രാജ്യങ്ങളും കരടിനെ എതിർത്ത് വോട്ടുചെയ്തു. 82 രാജ്യങ്ങൾ അനുകൂലിച്ചു. 71 അംഗങ്ങളുടെ പിന്തുണയാണ് കരടിനുവേണ്ടിയിരുന്നത്. കരടിനെ പിന്തുണയ്ക്കില്ലെന്ന് റഷ്യ നേരത്തേ വ്യക്തമാക്കിയിരുന്നു.

രാസായുധനിരോധനത്തിന്റെ കരടുരേഖ ഇന്ത്യ വിശദമായി പരിശോധിക്കുകയും അത് തയ്യാറാക്കിയവരുമായും പിന്തുണയ്ക്കുന്നവരുമായും ചർച്ചനടത്തുകയും ചെയ്തിരുന്നു. എന്നാൽ, ഏറ്റവുംപ്രാധാന്യമുള്ള വിഷയമെന്ന നിലയ്ക്ക് ഇപ്പോഴും ഇതുസംബന്ധിച്ച ചർച്ചകൾ അപൂർണമാണെന്നാണ് ഇന്ത്യ വിശ്വസിക്കുന്നത്. ദീർഘകാലപ്രാധാന്യമുള്ള ഇത്തരം വിഷയങ്ങളിൽ മതിയായ ചർച്ചകളിലൂടെ സമഗ്രമായ തീരുമാനമാണെടുക്കേണ്ടതെന്നാണ് ഇന്ത്യയുടെ നിലപാട്. ഇതുസംബന്ധിച്ച ഇന്ത്യയുടെ ആശങ്ക പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് കരടിനെ എതിർത്ത് വോട്ടുചെയ്യാൻ ഇന്ത്യ തീരുമാനിച്ചതെന്നും രാജാമണി പറഞ്ഞു.

എന്നാൽ, ഇക്കാര്യത്തിൽ ചർച്ചയ്ക്ക് ഇന്ത്യ തയ്യാറാണ്. ഒ.പി.സി.ഡബ്ല്യു.വിൻറെ സമ്മേളനത്തെക്കുറിച്ച് അന്താരാഷ്ട്രസമൂഹത്തിൽ വലിയ പ്രതീക്ഷകളാണുള്ളത്. ആ പ്രതീക്ഷയ്ക്കൊത്തുയരുന്ന തീരുമാനമാകണം അംഗരാജ്യങ്ങളിൽ നിന്നുണ്ടാകേണ്ടത്. ലോകത്ത് വിവിധയിടങ്ങളിലായി രാസായുധാക്രമണങ്ങൾക്ക് ഇരയായവരോടും അവരുടെ കുടുംബങ്ങളോടും ഇന്ത്യയ്ക്കുള്ള സഹതാപം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.