ബെയ്ജിങ്: അതിര്‍ത്തിതര്‍ക്കം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇന്ത്യ-ചൈന ഉഭയകക്ഷി ചര്‍ച്ച അടുത്തമാസം ഡല്‍ഹിയില്‍ നടക്കുമെന്ന് സൂചന. ചൈനീസ് പ്രസിഡന്റായി ഷി ജിന്‍പിങ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായാണ് ചര്‍ച്ച. 73 ദിവസം നീണ്ട ഡോക്ലാം അതിര്‍ത്തിതര്‍ക്കത്തിനുശേഷം ആദ്യമായാണ് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ച നടക്കുന്നത്.

ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഹ്വ ചുന്‍യിങ്ങാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. എന്നാല്‍, ചര്‍ച്ചയുടെ തീയതി അവര്‍ വ്യക്തമാക്കിയില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനയുടെ സ്റ്റേറ്റ് കൗണ്‍സിലര്‍ യാങ് ജിയേച്ചിയുമാണ് അതിര്‍ത്തിതര്‍ക്ക വിഷയങ്ങളില്‍ ചര്‍ച്ചനടത്തുക.