ഒട്ടാവ: ഏഴ് മുസ്ലിം ഭൂരിപക്ഷരാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം ട്രംപ് വിലക്കിയപ്പോള്‍ അഭയാര്‍ഥികളെ സ്വാഗതംചെയ്ത് കാനഡ. അഭയാര്‍ഥികളോട് എക്കാലവും അലിവുകാട്ടിയിട്ടുള്ള കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡേയുവാണ് ട്വിറ്ററിലൂടെ അവരെ സ്വാഗതംചെയ്തത്.

ട്രംപിന്റെ നിലപാടിനെ വാക്കുകൊണ്ട് വിമര്‍ശിക്കാതെ പ്രവൃത്തിയിലൂടെ നിലപാട് വ്യക്തമാക്കുകയാണ് ട്രുഡേയു ചെയ്തത്. പീഡനവും ഭീകരതയും യുദ്ധവും ഭയന്ന് നാടുവിടുന്നവരെ സ്വീകരിക്കാന്‍ കാനഡ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
 
ഈ ട്വീറ്റ് ഒന്നരലക്ഷത്തിലേറെത്തവണയാണ് പങ്കുവെക്കപ്പെട്ടത്. 'വെല്‍ക്കം ടു കാനഡ' എന്ന ഹാഷ് ടാഗിനും നല്ലപ്രചാരണമുണ്ട്. ഒരുകൊല്ലത്തിനിടെ സിറിയയില്‍ നിന്നുള്ള 40,000 അഭയാര്‍ഥികളെ സ്വീകരിച്ച് ലോകശ്രദ്ധനേടിയ വ്യക്തിയാണ് ട്രുഡേയു. സൊമാലിയയില്‍നിന്ന് അഭയാര്‍ഥിയായെത്തി കനേഡിയന്‍ പൗരത്വം നേടിയയാളാണ് അദ്ദേഹത്തിന്റെ കുടിയേറ്റകാര്യമന്ത്രി അഹമ്മദ് ഹസന്‍.