ഇസ്‍ലാമാബാദ്: ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ കത്ത്. സെപ്റ്റംബർ 14 എന്ന് തീയതി രേഖപ്പെടുത്തിയിട്ടുള്ള കത്തിൽ കശ്മീർ, വിനോദസഞ്ചാരം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച പുനരാരംഭിക്കണമെന്നും ഈ മാസം ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തിനിടെ ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച സംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയം പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനം പുനഃസ്ഥാപിക്കുന്നത് മുൻനിർത്തി, ന്യൂയോർക്കിലെ യു.എൻ. പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് ‘സാർക്’ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ നടത്തുന്ന അനൗപചാരിക കൂടിക്കാഴ്ചയ്ക്കിടെ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യതയൊരുക്കണമെന്നുള്ള നിർദേശമാണ് ഇമ്രാൻ മുന്നോട്ടുവെയ്ക്കുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം നിഷേധിക്കാൻ കഴിയാത്തവണ്ണം വെല്ലുവിളി നിറഞ്ഞതാണ്. എന്നാൽ, ഭാവിതലമുറയുടെ നന്മയ്ക്കായി ജമ്മുകശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരുവർക്കും നേട്ടമുണ്ടാകുന്ന തരത്തിൽ പ്രശ്നപരിഹാരം കണ്ടെത്തേണ്ടത് രണ്ടുരാജ്യങ്ങളുടെയും ഉത്തരവാദിത്വമാണെന്നും കത്തിൽ പറയുന്നു.

ഓഗസ്റ്റ് 18-ന് ഇമ്രാൻ ഖാൻ പാക് പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തപ്പോൾ ആശംസയറിയിച്ച് മോദി കത്ത് അയച്ചിരുന്നു. അതിനുള്ള മറുപടിയായാണ് ഇമ്രാന്റെ കത്ത്. 2016-ലെ പഠാൻകോട്ട് ആക്രമണത്തിനുശേഷം പാകിസ്താനുമായുള്ള ഉഭയകക്ഷിചർച്ചകൾ ഇന്ത്യ റദ്ദാക്കിയിരുന്നു.