കൊളംബോ: ഇന്ത്യയുമായി വിയോജിപ്പ്‌ ഒഴിവാക്കുന്നതിന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർലമെന്റ് പ്രസംഗം ശ്രീലങ്കൻ സർക്കാർ റദ്ദാക്കി. ചൈനയുടെ കടക്കെണിയിൽ കുടുങ്ങിയെങ്കിലും കോവിഡ് വാക്സിൻ വിതരണംചെയ്ത് രക്ഷകപരിവേഷമണിഞ്ഞ ഇന്ത്യയുമായുള്ള ബന്ധമുലയാൻ ശ്രീലങ്ക തയ്യാറല്ലെന്ന് ‘ഖാന്റെ പ്രസംഗം റദ്ദാക്കി ഇന്ത്യയുമായി ശ്രീലങ്ക വിയോജിപ്പുസാധ്യതയൊഴിവാക്കുന്നു’ എന്ന തലക്കെട്ടിൽ കൊളംബോ ഗസറ്റിൽ ദർ ജാവേജ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

അഞ്ചുലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ അടുത്തിടെ ഇന്ത്യ ശ്രീലങ്കയ്ക്ക്‌ നൽകിയിരുന്നു. അതേസമയം, ശ്രീലങ്കയിൽ മുസ്‌ലിം പള്ളികളിലെ മൃഗബലിക്കെതിരേ ബുദ്ധമതവിശ്വാസികൾ കഴിഞ്ഞമാസങ്ങളിൽ പ്രക്ഷോഭം നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഇമ്രാൻഖാൻ അവസരം പ്രയോജനപ്പെടുത്തി മുസ്‌ലിം കാർഡിറക്കിയേക്കുമോയെന്നും സർക്കാർ ഭയക്കുന്നുണ്ട്.

അഫ്ഗാൻ സന്ദർശനവേളയിലും യു.എന്നിലും താലിബാന്റെ ഭീകരപ്രവർത്തനം വിശുദ്ധയുദ്ധമാണെന്നടക്കമുള്ള ഖാന്റെ പ്രസ്താവനകൾകൂടി പരിഗണിച്ചാണ് സർക്കാരിന്റെ തീരുമാനമെന്ന്‌ കരുതുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Content Highlights: Imran Khan Sri Lanka