യുണൈറ്റഡ് നേഷൻസ്: ആണവയുദ്ധമുണ്ടാകുമെന്ന പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഭീഷണിക്കെതിരേ ഇന്ത്യ. ഇമ്രാന്റെ സ്വരം ഭരണാധികാരിയുടേതല്ല, മറിച്ച് യുദ്ധത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നയാളിന്റേതാണെന്ന് വിദേശകാര്യമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിദിശ മൈത്ര യു.എന്നിൽ പറഞ്ഞു.

വെള്ളിയാഴ്ച യു.എൻ. പൊതുസഭയെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇമ്രാൻ ആണവഭീഷണി മുഴക്കിയത്. ആണവശക്തികളായ ഇന്ത്യയും പാകിസ്താനും നേർക്കുനേർ വന്നാൽ അത് ലോകത്തിനുതന്നെ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

“ലോകത്തെ രണ്ടായി ചിത്രീകരിക്കുന്ന ക്രൂരമായ പ്രസംഗമാണ് ഇമ്രാന്റേത്. ഞങ്ങളും നിങ്ങളും, സമ്പന്നരും ദരിദ്രരും, തെക്കും വടക്കും, വികസിതരും വികസ്വരരും, മുസ്‍ലിങ്ങളും മറ്റുള്ളവരും... അങ്ങനെ ലോകത്തെ വിഭജിക്കുന്ന ചിത്രമാണ് അദ്ദേഹം യു.എന്നിൽ നടത്തിയത്. വെറുപ്പുപടർത്താനും ഭിന്നതയുടെ മൂർച്ചകൂട്ടാനുമുള്ള ശ്രമമാണത്. ലളിതമായിപ്പറഞ്ഞാൽ വിദ്വേഷപ്രസംഗം.

പാകിസ്താനിൽ ഭീകരസംഘടനകളൊന്നും പ്രവർത്തിക്കുന്നില്ലെന്ന് തെളിയിക്കാൻ യു.എൻ. നിരീക്ഷകരെ അദ്ദേഹം പാകിസ്താനിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ആ വാഗ്ദാനത്തിലുറച്ചുനിൽക്കാൻ ലോകം അദ്ദേഹത്തെ നിർബന്ധിക്കണം.

യു.എൻ. പട്ടികയിലുള്ള 130 ഭീകരരും 25 ഭീകരസംഘടനകളും ഇന്നും പ്രവർത്തിക്കുന്നത് സ്വന്തംമണ്ണിലാണെന്ന് പാകിസ്താന് സ്ഥിരീകരിക്കാനാകുമോ? അൽ ഖായിദ, ഡായിഷ് ഉപരോധപ്പട്ടിക പ്രകാരം യു.എൻ. ഉപരോധം പ്രഖ്യാപിച്ചിട്ടുള്ള ഭീകരന് പെൻഷൻ നൽകുന്ന ലോകത്തെ ഒരേയൊരു രാജ്യമാണ് തങ്ങളെന്ന് പാകിസ്താൻ സമ്മതിക്കുമോ? ഉസാമ ബിൻലാദന്‌ പ്രതിരോധംതീർക്കുന്ന ഒരാളാണ് ഇമ്രാനെന്നുപറഞ്ഞാൽ ഈ ന്യൂയോർക്ക് നഗരത്തിൽവെച്ച് എതിർക്കാൻ അദ്ദേഹം തയ്യാറാകുമോ? തങ്ങൾക്കുവേണ്ടി സംസാരിക്കാൻ ഇന്ത്യൻ ജനതയ്ക്ക് മറ്റാരുടെയും ആവശ്യമില്ല. പ്രത്യേകിച്ചും വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിലൂടെ ഭീകരവാദത്തിന്റെ വ്യവസായം തുടങ്ങിയവരുടെ” -വിദിശ മൈത്ര പറഞ്ഞു.

Content Highlights: Imran Khan Pakistan Nuclear war India