ഇസ്‌ലാമാബാദ്: പാകിസ്താന്റെ രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പുകളിലും സൈന്യം ഇടപെടുന്നുവെന്ന പ്രതിപക്ഷ ആരോപണം നിഷേധിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പ്രധാനമന്ത്രിക്കുകീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം മാത്രമാണ് സൈന്യമെന്ന് പാക് ചാനലായ സമാ ടി.വി.ക്കു നൽകിയ അഭിമുഖത്തിൽ ഇമ്രാൻ പറഞ്ഞു.
ഇമ്രാൻ ഖാൻ രാജിവെക്കണമെന്നും രാഷ്ട്രീയത്തിലെ ഇടപെടൽ സൈന്യം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് 11 പ്രതിപക്ഷപാർട്ടികളുടെ സഖ്യമായ പാകിസ്താൻ ഡെമോക്രാറ്റിക് മൂവ്മെന്റ് (പി.ഡി.എം.) സെപ്റ്റംബർമുതൽ വൻറാലികൾ നടത്തുകയാണ്.
2018-ലെ തിരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടി സൈന്യം അവരോധിച്ച ‘പാവ’ പ്രധാനമന്ത്രിയാണ് ഖാനെന്നാണ് പി.ഡി.എമ്മിന്റെ ആരോപണം.
പാകിസ്താന്റെ എഴുപതിലേറെവർഷം നീളുന്ന ചരിത്രത്തിൽ പകുതിയിലേറെക്കൊല്ലവും രാജ്യം ഭരിച്ചത് സൈന്യമാണ്. പാകിസ്താൻ സുരക്ഷാ, വിദേശകാര്യ നയങ്ങളിൽ സൈന്യം കാര്യമായ ഇടപെടൽ നടത്തിയിട്ടുണ്ട്. രാഷ്ട്രീയത്തിൽ ഇടപെടുന്നു എന്ന ആരോപണം സൈന്യം അംഗീകരിക്കുന്നില്ല. 2018-ലെ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സൈന്യം തന്നെ സഹായിച്ചെന്ന ആരോപണം ഖാനും നിഷേധിക്കുകയാണ്.
Content Highlights: Imran Khan Pakistan