ഇസ്‌ലാമാബാദ്: പാകിസ്താനിൽ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി സംയുക്ത പ്രക്ഷോഭത്തിന് പ്രതിപക്ഷ പാർട്ടികൾ. പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെ (പി.പി.പി.) അധ്യക്ഷതയിൽ ചേർന്ന വിവിധ പാർട്ടികളുടെ യോഗം 26 ആശയങ്ങളടങ്ങിയ പ്രമേയം അംഗീകരിച്ചു. പാകിസ്താൻ മുസ്‌ലിം ലീഗ്-നവാസ് (പി.എം.എൽ.-എൻ.) ജാമിയത് ഉലമ ഇസ്‌ലാം ഫാസി (ജെ.യു.ഐ.-എഫ്.) ഉൾപ്പെടെയുള്ള പാർട്ടികൾ യോഗത്തിൽ പങ്കെടുത്തു.

സർക്കാരിനെതിരേ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ജെ.യു.ഐ.-എഫ്. തലവൻ മൗലാന ഫാസി ഉർ റഹ്മാൻ പറഞ്ഞു. 2018-ലെ തിരഞ്ഞെടുപ്പിൽ സൈന്യം ഇടപെട്ടതായും പ്രമേയം ആരോപിക്കുന്നു. സ്വതന്ത്രവും നീതിയുക്തവുമായ വോട്ടെടുപ്പിന് തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പരിഷ്കരിക്കണമെന്നും നിയമനിർമാണ പ്രക്രിയയിൽ പ്രതിപക്ഷം സർക്കാരുമായി സഹകരിക്കില്ലെന്നും യോഗം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.

ആദ്യഘട്ടത്തിൽ ഒക്ടോബറിൽ പ്രതിപക്ഷ പാർട്ടികൾ പ്രവിശ്യകളിൽ സംയുക്ത റാലികൾ നടത്തും. ഡിസംബറോടെ തുടർറാലികളും ജനുവരിയിൽ ഇസ്‌ലാമാബാദിലേക്കു നീണ്ട മാർച്ചും സംഘടിപ്പിക്കും. നേരത്തേ വീഡിയോ കോൺഫറൻസിലൂടെ യോഗത്തെ അഭിസംബോധന ചെയ്ത മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് സൈന്യത്തെ രൂക്ഷമായി വിമർശിച്ചു. സൈന്യം രാഷ്ട്രീയത്തിൽനിന്നും അകലം പാലിക്കണമെന്നും ഭരണഘടന അനുസരിച്ച് പ്രവർത്തിക്കാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. മുൻ പ്രസിഡന്റും പി.പി.പി. നേതാവുമായ ആസിഫ് അലി സർദാരിയും യോഗത്തിൽ പങ്കെടുത്തു.

Content Highlights: Imran Khan Pakistan