ഇസ്‍ലാമാബാദ്: താൻ രാജിവെക്കണമെന്നതൊഴികെ, ആസാദി മാർച്ച് പ്രക്ഷോഭകർ മുന്നോട്ടുവെച്ച ന്യായമായ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ തയ്യാറാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ. പ്രതിപക്ഷകക്ഷികളുമായുള്ള ചർച്ചയ്ത്ത് നേതൃത്വം നൽകുന്ന പ്രതിരോധമന്ത്രി പർവേസ് ഖട്ടക്കുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇമ്രാൻ നയം വ്യക്തമാക്കിയത്.

ജാമിയത്ത് ഉലെമ ഇ ഇസ്‍ലാം ഫസൽ (ജെ.യു.ഐ.-എഫ്) നേതാവ് മൗലാന ഫസലുർ റഹ്മാൻ നയിക്കുന്ന ആസാദി മാർച്ച് അഞ്ചാംദിവസം പിന്നിടുമ്പോഴാണിത്. 2018-ലെ പൊതുതിരഞ്ഞെടുപ്പിൽ അട്ടിമറി നടത്തിയാണ് ഇമ്രാൻ അധികാരത്തിലെത്തിയതെന്നാരോപിച്ചാണ് പ്രക്ഷോഭം.

അതിനിടെ, പ്രക്ഷോഭം അവസാനിപ്പിക്കാൻ ഫസലുർ റഹ്മാനുമായി പാക് സർക്കാർ നടത്തിയ രണ്ടാമത്തെ ചർച്ചയും പരാജയപ്പെട്ടു. ഇമ്രാൻ രാജിവെക്കാതെ സമരമവസാനിപ്പിക്കില്ലെന്ന് ഫസലുർ റഹ്മാൻ ആവർത്തിച്ചു.

Content Highlights: Imran Khan Pakistan