ഇസ്‌ലാമാബാദ്: പാകിസ്താനിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരേ പ്രതിപക്ഷപാർട്ടികളും സൈന്യവും പടയൊരുക്കം ആരംഭിച്ചതായി സൂചന. ഇതിന്റെ ആദ്യപടിയായി വിവിധ രാഷ്ട്രീയപ്പാർട്ടികളെ ഉൾപ്പെടുത്തി രാജ്യവ്യാപകപ്രക്ഷോഭത്തിന് കളമൊരുങ്ങി.

ജമാഅത്ത് ഉലമ ഇ ഇസ്‌ലാം ഫസൽ (ജെ.യു.ഐ.-എഫ്) നേതാവ് ഫസലുർ റഹ്‌മാൻ, ഇമ്രാൻ ഖാൻ സർക്കാരിനെതിരേ ഒക്ടോബർ 27-ന് രാജ്യവ്യാപകമായി ആസാദിമാർച്ച് (സ്വാതന്ത്ര്യറാലി) പ്രഖ്യാപിച്ചു. റാലി ഇമ്രാൻസർക്കാരിനെതിരേയുള്ള യുദ്ധപ്രഖ്യാപനമാണെന്നാണ് റഹ്മാൻ പറയുന്നത്. രാജ്യംമുഴുവൻ യുദ്ധഭൂമിയാക്കിയുള്ള പ്രക്ഷോഭം സർക്കാർ വീണാലേ അടങ്ങൂവെന്ന് അദ്ദേഹം പറയുന്നു. ഇതിനായി മറ്റു പ്രതിപക്ഷപാർട്ടികളായ പാകിസ്താൻ പീപ്പിൾസ് പാർട്ടി (പി.പി.പി.), പാകിസ്താൻ മുസ്‌ലിംലീഗ് -നവാസ് (പി.എം.എൽ.-എൻ.) എന്നിവയുടെ പിന്തുണതേടും. മദ്രസാവിദ്യാർഥികളടക്കം എല്ലാവിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ച് രാജ്യവ്യാപകമായ പ്രക്ഷോഭമാണ് ഒരുങ്ങുന്നത്.

തിരിച്ചടിയായി സൈനികമേധാവിയുടെ നിലപാട്

ശക്തരായ എതിരാളികളായിരുന്ന പി.പി.പി.യെയും പി.എം.എൽ.-എന്നിനെയും തോൽപ്പിച്ച് ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ്‌രീക് ഇ ഇൻസാഫ് (പി.ടി.ഐ.) അധികാരത്തിലേറിയത് സൈന്യത്തിന്റെ പൂർണ പിന്തുണയോടെയായിരുന്നു. എന്നാൽ, സൈന്യവും ഇപ്പോൾ കൂറുമാറുന്നതിന്റെ സൂചന നൽകിയതാണ് ഇമ്രാൻ ഖാൻ നേരിടുന്ന വലിയ ഭീഷണി. ഇമ്രാൻ ഖാന്റെ വിശ്വസ്തനും സൈനികമേധാവിയുമായ ഖമർ ജാവേദ് ബജ്‌വ രാജ്യത്തെ വ്യവസായികളുമായി വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ച ഒരു അട്ടിമറിസാധ്യതയിലേക്ക് വിരൽചൂണ്ടിയിരുന്നു. എന്നാൽ, രാജ്യം നേരിടുന്ന സാമ്പത്തികപ്രതിസന്ധി മറികടക്കാൻ ആഭ്യന്തരസുരക്ഷ വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യമാണ് ദേശീയ വികസനകൗൺസിൽ അംഗംകൂടിയായ സൈനികമേധാവി കൂടിക്കാഴ്ചയിൽ മുന്നോട്ടുവെച്ചതെന്നാണ് പുറത്തുവന്ന വാർത്ത.

രാജ്യത്തെ സാമ്പത്തികരംഗം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥ നേരിടുമ്പോഴും യാഥാർഥ്യം കാണാതെ കശ്മീർവിഷയത്തിലേക്കുമാത്രം ശ്രദ്ധതിരിക്കാനുള്ള ഇമ്രാന്റെ ശ്രമമാണ് സൈന്യത്തെയും പ്രതിപക്ഷപാർട്ടികളെയും അസ്വസ്ഥരാക്കുന്നതെന്നാണ് റിപ്പോർട്ട്. രാജ്യത്തെ യുവാക്കളുടെയും സാധാരണക്കാരുടെയും പ്രതീക്ഷയ്ക്കൊത്തുയരാൻ സർക്കാരിന് ആവുന്നില്ലെന്ന് പരക്കെ വിമർശനമുണ്ട്. ഒരുവർഷമായി ദാരിദ്ര്യവും തൊഴിലില്ലായ്മയും വർധിക്കുകയുംചെയ്തു.

ആശങ്ക തള്ളി ഇമ്രാൻ

അതേസമയം, ജമാഅത്ത് ഉലമ ഇ ഇസ്‌ലാം ഫസൽ പ്രഖ്യാപിച്ച ‘ആസാദിമാർച്ചി’നെക്കുറിച്ച് ആശങ്കവേണ്ടെന്നാണ് ഇമ്രാൻ ഖാൻ പറയുന്നത്. സർക്കാരിനെതിരേ പ്രതിപക്ഷപാർട്ടികളെ കൂട്ടുപിടിച്ച് ‘മതത്തെ ദുരുപയോഗംചെയ്തുകൊണ്ടുള്ള’ നീക്കങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഫസലുർ റഹ്‌മാന്റെ റാലിയിൽ പങ്കെടുക്കില്ലെന്ന് പറയുമ്പോഴും പി.പി.പി.യും പി.എം.എല്ലും റാലിക്ക് സഹായധനമടക്കം നൽകുന്നുണ്ടെന്നും ആരോപിച്ചു. റാലിക്കായി ജെ.യു.ഐ.-എഫ് നിഷ്കളങ്കരായ മദ്രസാവിദ്യാർഥികളെ ഉപയോഗിക്കുകയാണെന്നും ആരോപിക്കുന്നു.