ന്യൂയോർക്ക്: കശ്മീർവിഷയം അന്താരാഷ്ട്രവത്കരിക്കുന്നതിൽ പരാജയപ്പെട്ടെന്ന് തുറന്നുസമ്മതിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ന്യൂയോർക്കിൽ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കശ്മീരിലെ ഇന്ത്യൻ നടപടി ഇരുരാജ്യങ്ങളെയും യുദ്ധത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി.

കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ ഇന്ത്യയുടെ നടപടിക്കെതിരേ പാകിസ്താൻ വിവിധ അന്താരാഷ്ട്രവേദികളെ സമീപിച്ചിരുന്നെങ്കിലും വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല. “അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതികരണത്തിൽ ഞാൻ നിരാശനാണ്. നരേന്ദ്രമോദിക്കുമേൽ യാതൊരു സമ്മർദവുമില്ല. പകരം അവർ നമുക്കുമേൽ സമ്മർദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. 130 കോടി ജനങ്ങളുള്ള വിപണിയായി ലോകരാജ്യങ്ങൾ ഇന്ത്യയെ കാണുന്നതാണ് ഈ അവഗണനയ്ക്ക് കാരണം.‌

50 ദിവസങ്ങളായി കശ്മീർജനത ഒമ്പതുലക്ഷം സൈനികരാൽ ചുറ്റപ്പെട്ടിരിക്കുകയാണ്. ഒട്ടേറെപ്പേർ അറസ്റ്റിലാകുന്നു. ആശുപത്രികൾ പ്രവർത്തിക്കുന്നില്ല. വാർത്തകളെത്തുന്നില്ല. മുൻപെങ്ങുമില്ലാത്ത തരത്തിൽ 80 ലക്ഷത്തോളം പേർ ഒരു തുറന്നജയിലിലാണ്. ഈ നിയന്ത്രണങ്ങളെടുത്തുമാറ്റിയാൽ എന്തുസംഭവിക്കും എന്നതിനെക്കുറിച്ചാണ് ഏറ്റവും വലിയ ആധി. അണ്വായുധ ശക്തികളായ രണ്ടുരാജ്യങ്ങൾ ഏതെങ്കിലുമൊരു ഘട്ടത്തിൽ നേർക്കുനേർ വരാനുള്ള സാഹചര്യമാണുള്ളത്” -ഇമ്രാൻ പറഞ്ഞു. പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയും യു.എന്നിലെ പാക് സ്ഥാനപതി മലീഹ ലോധിയും ഇമ്രാനൊപ്പം പത്രസമ്മേളനത്തിനെത്തിയിരുന്നു.

കശ്മീർ വിഷയത്തിൽ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് പലതവണ ട്രംപ് വ്യക്തമാക്കിയെങ്കിലും ചൊവ്വാഴ്ച നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിഷയം ഇന്ത്യയും പാകിസ്താനും ചർച്ചചെയ്ത് പരിഹരിക്കണമെന്ന് നിലപാടുമാറ്റിയിരുന്നു. വെള്ളിയാഴ്ച യു.എൻ. പൊതുസഭാ സമ്മേളനത്തിൽ നടത്തുന്ന പ്രസംഗത്തിലും കശ്മീർ വിഷയമുന്നയിക്കുമെന്ന് ഇമ്രാൻ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

യു.എൻ. മേധാവിക്കും രക്ഷാസമിതി പ്രസിഡന്റിനും ഖുറേഷിയുടെ കത്ത്

ഇസ്‍‍ലാമാബാദ്: കശ്മീർ വിഷയത്തിൽ പാകിസ്താന്റെ വാദങ്ങൾ ചൂണ്ടിക്കാട്ടി യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും യു.എൻ. രക്ഷാസമിതി പ്രസിഡന്റ് വാസിലി നെബെൻസ്യയ്ക്കും പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയുടെ കത്ത്. കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ ഓഗസ്റ്റ് അഞ്ചിലെ ഇന്ത്യൻ നടപടിയുടെ വിശദാംശങ്ങളും കത്തിലുൾപ്പെടുത്തിയതായി പാക് വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച പറഞ്ഞു.

content highlights: Imran Khan On modi and kashmir issue