ബോൺ(ജർമനി): ചൈന തങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തായതുകൊണ്ടാണ് ഉയ്ഗുർ മുസ്‌ലിങ്ങളുടെ വിഷയത്തിൽ മൗനം പാലിക്കുന്നതെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ന്യൂനപക്ഷങ്ങളായ ഉയ്ഗുർ മുസ്‌ലിങ്ങൾക്കുനേരെ ചൈനയിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരേ ലോകം മുഴുവൻ പ്രതിഷേധിക്കുന്പോഴാണ് ഇമ്രാൻ ഖാന്റെ പ്രതികരണം.

ജർമൻ മാധ്യമമായ ഡ്യൂഷ് വെല്ലിന് കഴിഞ്ഞദിവസം നൽകിയ അഭിമുഖത്തിലാണ് ഇമ്രാൻ ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്താൻ പ്രതിസന്ധിനേരിട്ടപ്പോഴൊക്കെ ഒപ്പംനിന്നത് ചൈനയാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കശ്മീരിനെക്കുറിച്ച് അഭിമുഖത്തിൽ വാചാലനാവുകയും ചെയ്തു.

വൈകാരികമായി കാര്യങ്ങൾ കാണുന്നവരാണ് ചൈനക്കാർ. അതുകൊണ്ടാണ് ഉയ്ഗുർ വിഷയത്തിൽ പരസ്യമായി ഇടപെടാത്തത്. ഇത്തരംവിഷയങ്ങൾ ചൈനീസ് അധികൃതരുമായി നേരിട്ട് സംസാരിക്കുന്നുണ്ട്. അതേസമയം, ഉയ്ഗുർ വിഷയം ഇന്ത്യയിൽ നടക്കുന്ന പ്രശ്നങ്ങളുമായി താരതമ്യം ചെയ്യാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്നെ രൂക്ഷമായി ഒറ്റപ്പെടുത്തുന്ന, ഏകപക്ഷീയമായി വിമർശിക്കുന്ന പത്രങ്ങൾ വായിക്കുന്നത് നിർത്തിയതായി വ്യാഴാഴ്ച ദാവോസിൽ ലോക സാമ്പത്തിക ഉച്ചകോടിക്കിടെ ഇമ്രാൻ പറഞ്ഞിരുന്നു. ടെലിവിഷനിലെ വൈകുന്നേരങ്ങളിലെ ചാറ്റ് ഷോകളും കാണാറില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Imran Khan China