ഇസ്‌ലാമാബാദ്: പാകിസ്താൻ മുൻപ്രധാനമന്ത്രി നവാസ് ഷരീഫ് ‘കുറുക്കനെ’പ്പോലെ സൈന്യത്തിനുള്ളിൽ കലഹമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആരോപിച്ചു. സൈന്യം രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്നാരോപിച്ചതും സൈന്യത്തിലും ഐ.എസ്.ഐ. നേതൃത്വത്തിലും മാറ്റം വേണമെന്നാവശ്യപ്പെട്ടതും ഇതിനുവേണ്ടിയാണ്.

ലണ്ടനിൽ ‘കുറുക്കനെ’പ്പോലെയിരുന്ന് സേനയെ ലക്ഷ്യമിടുകയാണ് ഷരീഫ്. അസുഖമാണെന്നപേരിൽ ഷരീഫ് പാകിസ്താനിൽനിന്ന് ഓടിപ്പോയെന്നും ഖാൻ ആരോപിച്ചു.

2018-ലെ തിരഞ്ഞെടുപ്പിൽ ഖാനെ വിജയിപ്പിക്കാൻ സൈനികമേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയും ഐ.എസ്.ഐ. മേധാവി ജനറൽ ഫായിസ് ഹമീദും ഇടപെട്ടുവെന്ന ഷരീഫിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ഇമ്രാൻ ഖാൻ. അഴിമതിയാരോപണങ്ങളിൽ 2017-ൽ കോടതിയുത്തരവിലൂടെ ഷരീഫിന് പുറത്തുപോകേണ്ടിവന്നിരുന്നു.