ഇസ്‌ലാമാബാദ്: രാത്രിയിൽ മരങ്ങൾ ഓക്സിജൻ പുറന്തള്ളുമെന്ന പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസംഗത്തെ ട്രോളി സാമൂഹിക മാധ്യമങ്ങൾ. ഇമ്രാനെ ചോദ്യംചെയ്തും കളിയാക്കിയും രംഗത്തെത്തിയവരിൽ കൂടുതലും പാകിസ്താനികൾതന്നെയാണ്.

മരംവെച്ചു പിടിപ്പിക്കുന്നതിനെക്കുറിച്ച് പ്രസംഗിക്കുന്നതിനിടെയാണ് പാക് നായകന് അമളി പിണഞ്ഞത്. പ്രസംഗത്തിന്റെ 15 സെക്കൻഡ്‌ ദൈർഘ്യമുള്ള ക്ലിപ്പാണ് ഇപ്പോൾ പ്രചരിക്കുന്നത്. ‘പത്തുവർഷത്തിനിടെ 70 ശതമാനം പച്ചപ്പും നമ്മൾ വെട്ടിനശിപ്പിച്ചു. ഇതിന്റെ തിരിച്ചടികൾ വരാനിരിക്കുന്നതേ ഉള്ളൂ. മരങ്ങളാണ് വായു വൃത്തിയാക്കുന്നത്. കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്ത് അവ രാത്രിയിൽ ഓക്സിജൻ പുറത്തുവിടുന്നു’ -ഇമ്രാൻ പറയുന്നു.

പാകിസ്താനിലെ മരങ്ങൾ രാത്രിയിൽ ഓക്സിജനാണോ പുറന്തള്ളുന്നതെന്നാണ് സാമൂഹികമാധ്യമങ്ങളിൽ ഉയരുന്ന ഒരു ചോദ്യം. ഓക്സ്‌ഫഡിൽ നിന്നുതന്നെയാണോ ഇമ്രാൻ ബിരുദമെടുത്തതെന്ന് സംശയിക്കുന്നവരുമുണ്ട്. ചില പുതിയ കാര്യങ്ങൾ ഇമ്രാനിൽ നിന്നും പഠിക്കാനുണ്ടെന്നും നൊബേൽ പുരസ്കാരം മറ്റാർക്കും നൽകരുതെന്നും കളിയാക്കൽ തുടരുന്നു.