ഇസ്‌ലാമാബാദ്: സൗദി-ഇറാൻ സംഘർഷത്തിന് അയവുവരുത്താനുള്ള മധ്യസ്ഥശ്രമത്തിനായി പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ ഞായറാഴ്ച ടെഹ്റാനിലേക്ക് പുറപ്പെട്ടു. ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി, പ്രസിഡന്റ് ഹസ്സൻ റൂഹാനി തുടങ്ങിയവരുമായി ഇമ്രാൻ ചർച്ചനടത്തും. പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയും ഇമ്രാനെ അനുഗമിക്കുന്നുണ്ട്.

പ്രധാനമന്ത്രിയായശേഷം അദ്ദേഹം നടത്തുന്ന രണ്ടാമത് ടെഹ്റാൻ സന്ദർശനമാണിത്. ചൊവ്വാഴ്ച സൗദിയിലെത്തുന്ന ഇമ്രാൻ, ഇറാൻ നേതൃത്വവുമായുള്ള ചർച്ചയുടെ പുരോഗതി സൗദി ഭരണകൂടത്തെ ധരിപ്പിക്കും. ഇമ്രാന്റെ യാത്രയ്ക്കുമുമ്പായി പാക് ഉദ്യോഗസ്ഥസംഘം ഇരുരാജ്യങ്ങളും സന്ദർശിച്ച് മധ്യസ്ഥശ്രമങ്ങൾക്ക് മുന്നൊരുക്കം നടത്തിയിരുന്നു.