മെക്സിക്കോ സിറ്റി: അനധികൃതമായി കുടിയേറിയ ഒരു സ്ത്രീയടക്കം 311 ഇന്ത്യക്കാരെ മെക്സിക്കോ തിരിച്ചയച്ചു. ഇതാദ്യമായാണ് മെക്സിക്കോ ഇത്തരത്തിൽ കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത്. യു.എസിൽ നിന്ന് സമ്മർദമുയർന്നതോടെയാണ് മെക്സിക്കോ അനധികൃതകുടിയേറ്റക്കാരെ കണ്ടെത്താൻ കർശനപരിശോധന ആരംഭിച്ചത്.

മെക്സിക്കൻ അതിർത്തിവഴി യു.എസിലേക്കുള്ള അനധികൃത കുടിയേറ്റം തടഞ്ഞില്ലെങ്കിൽ രാജ്യത്തിനുമേൽ ഉയർന്ന ഇറക്കുമതിത്തീരുവ ചുമത്തുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തേ മുന്നറിയിപ്പുനൽകിയിരുന്നു.

സ്ഥിരംതാമസക്കാരായിരുന്നില്ലെന്നു കണ്ടെത്തിയവരെയാണ് തിരിച്ചയച്ചതെന്ന് രാജ്യത്തെ ദേശീയ കുടിയേറ്റ ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എൻ.എം.) വാർത്തക്കുറിപ്പിൽ അറിയിച്ചു. ഓക്സാക, ബാജ കാലിഫോർണിയ, വെരാക്രൂസ്, ചിയാപാസ്, സൊണോര, മെക്സിക്കോ സിറ്റി, ഡുരാംഗോ, തബസ്കോ എന്നീ സംസ്ഥാനങ്ങളിലെ കുടിയേറ്റ അതോറിറ്റികൾ കസ്റ്റഡിയിലെടുത്ത സംഘത്തെ വെരാക്രൂസ് തടവുകേന്ദ്രത്തിലാക്കിയിരുന്നു. തുടർന്ന് തൊലുക സിറ്റി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബോയിങ് 747 വിമാനത്തിൽ ന്യൂഡൽഹിയിലേക്കയച്ചു. ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെയാണ് നടപടികൾ പൂർത്തിയാക്കിയതെന്നും ഐ.എൻ.എം. അറിയിച്ചു.

Content Highlights: Illegal immigration: Mexico sent back 311 Indians