വാഷിങ്ടൺ: ചൈന അക്രമിച്ചാൽ തയ്‌വാനെ സംരക്ഷിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ. തയ്‌വാൻ വിഷയത്തിൽ യു.എസ്. ദീർഘനാളായി തുടരുന്ന മൗനംവെടിഞ്ഞാണ് സി.എൻ.എൻ. ടൗൺഹാളിൽ നടന്ന പരിപാടിയിൽ ബൈഡന്റെ പ്രതികരണം.

തയ്‌വാനെ സംരക്ഷിക്കാൻ യു.എസ്. രംഗത്തെത്തുമോയെന്ന ചോദ്യത്തെ അതെ എന്ന് ബൈഡൻ മറുപടി നൽകി. ബെയ്ജിങ്ങിൽനിന്ന് സൈനികവും രാഷ്ട്രീയവുമായി സമ്മർദം നേരിടുന്ന തായ്‌വാനെ സംരക്ഷിക്കാൻ ഞങ്ങൾ പ്രതിബദ്ധരാണ്. ചൈന ശക്തി വർധിപ്പിക്കുന്നതിൽ ആശങ്കയില്ല. ലോകചരിത്രത്തിലെ ഏറ്റവും ശക്തമായ സൈന്യം അമേരിക്കയുടേതാണെന്ന കാര്യം ചൈനയ്ക്കും റഷ്യക്കും മറ്റ് ലോകരാജ്യങ്ങൾക്കുമറിവുണ്ടെന്നും ബൈഡൻ പറഞ്ഞു.

അതേസമയം, ബൈഡന്റെ വാക്കുകളിൽനിന്ന് പിന്നാക്കംപോയ വൈറ്റ്ഹൗസ് വക്താവ് തയ്‌വാൻ വിഷയത്തിൽ അമേരിക്കയുടെ നിലപാടുകളിൽ മാറ്റംവരുത്തിയിട്ടില്ലെന്ന് പ്രതികരിച്ചു.

ചൈനയെ സ്വയം പ്രതിരോധിക്കാൻ തങ്ങൾ സജ്ജരാണെന്ന് യു.എസ്. പിന്തുണയെ സ്വാഗതംചെയ്തുകൊണ്ട് തയ്‌വാൻ പറഞ്ഞു.

ബൈഡന്റെ പ്രസ്താവനയിൽ ചൈന ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തങ്ങൾക്ക് സുപ്രധാനമായ വിഷയങ്ങളിൽ ഒരു തരത്തിലുള്ള ഇളവുകളും ചൈന വരുത്തില്ലെന്ന് വിദേശകാര്യ വക്താവ് വാങ് വെൻബിൻ പറഞ്ഞു. തയ്‌വാൻ വിഷയത്തിൽ അമേരിക്ക ശ്രദ്ധിച്ച് പ്രസ്താവനകൾ നടത്തണം. പ്രകോപനപരമായ പ്രസ്താവനകൾ അമേരിക്ക-ചൈന ബന്ധത്തെയും തായ്‌വാൻ കടലിടുക്കിലെ സമാധാനത്തെയും ബാധിക്കുമെന്നും വാങ് പറഞ്ഞു.

content highlights: if china attacks taiwan, will protect the latter says joe biden