വിൽമിങ്ടൺ: യു.എസിൽ നൂറ്റാണ്ടിലെ ഏറ്റവുംശക്തിയേറിയ ചുഴലിക്കാറ്റ് ‘ഫ്ലോറൻസ്’ വ്യാഴാഴ്ച നോർത്ത് കരോലൈനയിലെത്തി. വിൽമിങ്ടണിന്റെ തെക്ക്-കിഴക്കൻ തീരത്ത് യു.എസ്. പ്രാദേശികസമയം വ്യാഴാഴ്ച രാവിലെ അഞ്ചിനാണ് ഫ്ലോറൻസ് കരതൊട്ടതെന്ന് യു.എസ്. നാഷണൽ ഹുറികെയ്ൻ സെന്റർ പറഞ്ഞു.

കാറ്റ് ശക്തിക്ഷയിച്ച് കാറ്റഗറി രണ്ടിലെത്തിയെങ്കിലും അതിജാഗ്രത തുടരണമെന്ന് അധികൃതർ പറഞ്ഞു. മണിക്കൂറിൽ 175 കിലോമീറ്റർ വേഗത്തിലാണ് കാറ്റുവീശുന്നത്. സൗത്ത് കരോലൈന, വിർജീനിയ, മേരിലൻഡ്, വാഷിങ്ടൺ ഡി.സി. എന്നീ സംസ്ഥാനങ്ങൾക്കുപിന്നാലെ ജോർജിയയും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സൗത്ത് കരോലൈന, നോർത്ത് കരോലൈന, വിർജീനിയ എന്നിവിടങ്ങളിൽനിന്ന് 17 ലക്ഷം പേരെ നേരത്തെ ഒഴിപ്പിച്ചിരുന്നു. 52.5 ലക്ഷംപേർക്ക് ജാഗ്രതാനിർദേശം നൽകി.

കാറ്റ് യു.എസിന്റെ കിഴക്കൻ തീരങ്ങളിലേക്ക്‌ നീങ്ങുകയാണ്. ശക്തമായ മഴ അലബാമ, കെന്റക്കി, ടെന്നസി, വെസ്റ്റ് വിർജീനിയ എന്നിവിടങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമായേക്കുമെന്നും മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റിനെ നേരിടാൻ രാജ്യം പൂർണ സജ്ജമായെന്നും ജാഗ്രതയോടെയിരിക്കണമെന്നും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. തയ്യാറെടുപ്പുകൾ പൂർത്തിയാക്കാനുള്ള സമയം അവസാനിച്ചുകഴിഞ്ഞുവെന്നും ദുരന്തം പടിവാതിൽക്കലെത്തിയിരിക്കുകയാണെന്നും നോർത്ത് കരോലൈന ഗവർണർ റോയ് കൂപ്പർ പറഞ്ഞു. ഫിലിപ്പീൻസിനെ ലക്ഷ്യമിട്ട് ‘മാങ്ഘുട്ട്’

മനില: യു.എസിനെ ചുഴറ്റിയെറിഞ്ഞ് ഫ്ലോറൻസ് കൊടുങ്കാറ്റ് പിന്മാറും മുമ്പേ ഫിലിപ്പീൻസും കൊടുങ്കാറ്റ് ഭീഷണിയിൽ. ‘മാങ്ഘുട്ട്’ ചുഴലിക്കൊടുങ്കാറ്റ് ഫിലിപ്പീൻസ് തീരത്തെത്തുമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പെത്തിയതോടെ ജനവാസകേന്ദ്രങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കാനാരംഭിച്ചു.

വടക്കൻ മറിയാന ദ്വീപുകൾ, ഗുവാം എന്നിവിടങ്ങളിൽ ആഞ്ഞടിക്കുന്ന മാങ്ഘുട്ട് ഫിലിപ്പീൻസിലെത്തുമ്പോൾ മണിക്കൂറിൽ 255 കിലോമീറ്റർ ശക്തിയിലാകും വീശുക. ശനിയാഴ്ച പുലർച്ചയോടെ മാങ്ഘുട്ട് ഫിലിപ്പീൻസ് തീരത്തെത്തും. ലുസോൺ ദ്വീപിലാകും കാറ്റ് കരതൊടുക. ചുഴലിക്കാറ്റ് കടന്നുപോകുന്ന പാതയിൽ ഒരുകോടിയിലേറെപ്പേരാണുള്ളത്.