വാഷിങ്ടൺ: വ്യാഴത്തിന്റെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമിഡിന്റെ അന്തരീക്ഷത്തിൽ ജലബാഷ്പമുണ്ടെന്ന് പഠനം. അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ ഹബ്ബിൾ ദൂരദർശിനി നൽകിയ വിവരങ്ങൾ ഉപയോഗിച്ചാണ് കണ്ടെത്തൽ.

ഗാനിമിഡിന്റെ ഉപരിതലത്തിലെ മഞ്ഞുകട്ട ഖരാവസ്ഥയിൽനിന്ന്‌ വാതകമായി മാറുന്നതിനിടയിലാണ് ജലബാഷ്പം രൂപപ്പെട്ടതെന്ന് പഠനം വ്യക്തമാക്കുന്നു. സ്റ്റോക്ക്ഹോമിലെ കെ.ടി.എച്ച്. റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ലോറൻസ് റോത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനത്തിനു പിന്നിൽ. നാച്വർ ആസ്‌ട്രോണമി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

ഹബ്ബിൾ 1998 മുതൽ ശേഖരിക്കുന്ന അൾട്രാവയലറ്റ് ചിത്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ അവലോകനം ചെയ്താണ് ഗവേഷണസംഘം നിഗമനത്തിലെത്തിച്ചേർന്നത്. ഭൂമിയിലെ മുഴുവൻ സമുദ്രങ്ങളിലുമുള്ളതിലും അധികം ജലം ഗാനിമേഡിലുള്ളതായി മുൻകാല പഠനങ്ങൾ സൂചന നൽകിയിരുന്നു. എന്നാൽ, താപനില വളരെ കുറവായതിനാൽ ഇവ ഖരാവസ്ഥയിലാണുള്ളത്.

യൂറോപ്യൻ സ്പേസ് ഏജൻസിയുടെ (ഇ.എസ്.എ.) അടുത്ത വർഷം ആരംഭിക്കുന്ന വ്യാഴപര്യവേക്ഷണ ദൗത്യമായ ജൂയ്സിന് പ്രതീക്ഷ നൽകുന്നതാണ് കണ്ടെത്തൽ. 2022-ൽ വ്യാഴം ലക്ഷ്യമിട്ടുള്ള യാത്ര ആരംഭിക്കാനും 2029-ൽ ഗ്രഹത്തിൽ എത്തിച്ചേരാനുമാണ് ലക്ഷ്യമിടുന്നത്. മൂന്നു വർഷം ഗ്രഹത്തിൽ തുടരുന്ന ദൗത്യത്തിനിടെ വ്യാഴത്തെയും ഗാനിമിഡ് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട മൂന്നു ഉപഗ്രഹങ്ങളെക്കുറിച്ചും വിശദമായ പഠനം നടക്കും.

Content Highlights: Hubble Finds Evidence of Water Vapor at Ganymede