ഒട്ടാവ: ചൈനീസ് ടെലികമ്യൂണിക്കേഷൻ ഭീമനായ വാവൈ ടെക്നോളജീസ് കോർപ്പറേഷന്റെ മുഖ്യ സാമ്പത്തിക ഉദ്യോഗസ്ഥ (സി.എഫ്.ഒ.) കാനഡയിൽ അറസ്റ്റിൽ. വാവൈ സ്ഥാപകൻ റെൻ ഷെങ്ഫീയുടെ മകൾ, കമ്പനിയുടെ ഡെപ്യൂട്ടി ചെയർവുമൺകൂടിയായ വാൻഷൂ മെങ്ങിനെയാണ് വാൻകൗവറിൽ അറസ്റ്റുചെയ്തത്. ഇറാനുമേലുള്ള യു.എസ്. ഉപരോധം സംബന്ധിച്ച നിയമം ലംഘിച്ചതാണ് അറസ്റ്റിന്റെ കാരണമെന്നാണ് കരുതുന്നത്.

അറസ്റ്റിനുപിന്നാലെ പ്രതിഷേധവുമായി ചൈന രംഗത്തെത്തി. യു.എസ്. തെറ്റുതിരുത്തി മെങ്ങിനെ മോചിപ്പിക്കണമെന്ന് കാനഡയിലെ ചൈനാ എംബസി ആവശ്യപ്പെട്ടു. അറസ്റ്റിന്റെ കാരണം കാനഡയും യു.എസും ഉടൻ വ്യക്തമാക്കണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയവും ആവശ്യപ്പെട്ടു.

അതേസമയം, മെങ്ങിനെ അമേരിക്കയ്ക്ക് കൈമാറുമെന്ന് കനേഡിയൻ നീതിന്യായ മന്ത്രാലയ വക്താവ് അയാൻ മക്ലിയോഡ് പറഞ്ഞു. വെള്ളിയാഴ്ച മെങ്ങിനെ കൈമാറാൻ യു.എസ്. കാനഡയോട് ആവശ്യപ്പെടും. മെങ്ങിന്റെ ജാമ്യഹർജിയും വെള്ളിയാഴ്ച പരിഗണിക്കും. ചൈന-യു.എസ്. വ്യാപാരയുദ്ധത്തിന് താത്കാലിക വിരാമമാവുകയും വ്യാപാരബന്ധം പഴയ നിലയിലേക്ക് വരികയും ചെയ്തുകൊണ്ടിരിക്കുന്ന അവസരത്തിൽ മെങ്ങിന്റെ അറസ്റ്റ് ഇരുരാജ്യത്തിനുമിടയിൽ പുതിയ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കും.

ഡിസംബർ ഒന്നിനാണ് വാൻഷൂവിനെ അറസ്റ്റുചെയ്തത്. യു.എസിൽനിന്ന് ഇറാനിലേക്ക് കയറ്റുമതിക്ക്‌ വിലക്കുള്ള സാഹചര്യത്തിൽ വാവൈ നിയമം തെറ്റിച്ച് കയറ്റുമതി നടത്തിയോ എന്ന കാര്യത്തിൽ ഏപ്രിലിൽ യു.എസ്. നീതിന്യായമന്ത്രാലയം അന്വേഷണമാരംഭിച്ചിരുന്നു. കാനഡയിലെ ഗ്ലോബ് ആൻഡ് മെയിൽ ന്യൂസ്‌പേപ്പർ നേരത്തേ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും അധികൃതർ പ്രതികരിക്കാൻ വിസമ്മതിക്കുകയായിരുന്നു.

വാവൈ ഫോണുകളുടെ സുരക്ഷ സംബന്ധിച്ച് നേരത്തേതന്നെ ആരോപണങ്ങളുയർന്ന സാഹചര്യത്തിൽ പല രാജ്യവും നിയന്ത്രണത്തിന് നടപടി ആരംഭിച്ചിട്ടുണ്ട്. 2016-ൽ ആരോപണമുയർന്നതിനുപിന്നാലെ സൈനിക, സർക്കാർതലത്തിലുള്ള ഉദ്യോഗസ്ഥർ വാവേ ഫോണുകൾ ഉപയോഗിക്കരുതെന്ന് നിർദേശമമുണ്ടായിരുന്നു. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിസൃഷ്ടിക്കുന്നവരാണ് ചൈനീസ് ടെലി കമ്യൂണിക്കേഷൻ കമ്പനികളെന്ന് മേരിലാൻഡിൽനിന്നുള്ള ഡെമോക്രാറ്റിക് സെനറ്റർ ക്രിസ് വാൻ ഹോളൻ ആരോപിച്ചു.

മെങ്ങിന്റെ പേരിൽ ചുമത്തിയ കുറ്റങ്ങളെക്കുറിച്ച് കമ്പനിക്ക് അധികം വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും മെങ് തെറ്റുചെയ്തതായി അറിയില്ലെന്നും വാവൈ പ്രതികരിച്ചു. അതതുരാജ്യങ്ങളിലെ നിയമമനുസരിച്ചും യു.എസ്., യു.എ.ഇ., യൂറോപ്യൻ യൂണിയൻ എന്നിവയുടെ കയറ്റുമതി നിയന്ത്രണങ്ങളും ഉപരോധനിയമങ്ങളും അനുസരിച്ചുമാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും കമ്പനി പറഞ്ഞു. ലോകത്തെ വലിയ ടെലികമ്യൂണിക്കേഷൻ കമ്പനികളിലൊന്നായ വാവൈ അടുത്തിടെ ആപ്പിളിനെ കടന്ന് ഏറ്റവും വലിയ രണ്ടാമത്ത സ്മാർട്ട് ഫോൺ നിർമാതാവെന്ന പദവി സ്വന്തമാക്കിയിരുന്നു.