ഹൂസ്റ്റൺ: ലോകത്തിലെ രണ്ട് വൻ ജനാധിപത്യരാജ്യങ്ങളെ ഒരേഹൃദയതാളത്തിൽ കൊരുത്ത് ഹൗഡി മോദി സംഗമം. ഇന്ത്യ-യു.എസ്. സൗഹൃദത്തിന്‍റെ പുതിയ ഉയരങ്ങള്‍ കുറിച്ച് യു.എസിലെ ഹൂസ്റ്റണിൽ ഞായറാഴ്ച നടന്ന സംഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വേദി പങ്കിട്ടു.

അതിഥിയായി ഏതാനും മിനിറ്റുകൾമാത്രം ചടങ്ങിൽ പങ്കെടുക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ട്രംപ് 40 മിനിറ്റോളം വേദിയിലും സദസ്സിലുമായി ചെലവിട്ടു. പരിപാടിയിൽ പങ്കെടുക്കാനായിമാത്രമാണ് ട്രംപ് ഹൂസ്റ്റണിലെത്തിയത്. 50000 ഇന്ത്യൻവംശജരായ അമേരിക്കക്കാരാണ് തങ്ങളുടെ പ്രിയനേതാവിനെ കാണാനും പ്രസംഗം കേൾക്കാനും എൻ.ആർ.ജി. ഫുട്ബോൾ സ്റ്റേഡിയത്തിലെത്തിയത്. ഫ്രാൻസിസ് മാർപ്പാപ്പയ്ക്കുശേഷം ഒരുവിദേശരാഷ്ട്രനേതാവിനു ലഭിക്കുന്ന ഏറ്റവും വലിയ വരവേല്പാണ് ടെക്സസിലെ ഇന്ത്യൻഫോറം മോദിക്കായൊരുക്കിയത്.

‘ഒരേ സ്വപ്നം, തിളക്കമാർന്ന നാളെ’ എന്ന സന്ദേശവുമായി നടത്തിയപരിപാടിയിൽ ട്രംപ് നേരിട്ടെത്തിയത് ഇരുരാജ്യങ്ങളുംതമ്മിലുള്ള രാഷ്ട്രീയ, നയതന്ത്ര, വ്യാപാരബന്ധം ശക്തിപ്പെടുമെന്നതിന്റെ വ്യക്തമായ സന്ദേശംകൂടിയായി. രണ്ടാംവട്ടം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള മോദിയുടെ യു.എസിലെ ആദ്യ പൊതുപരിപാടിയാണിത്. ‘വീണ്ടും മോദി’ എന്ന ആരവങ്ങൾക്കിടെ ഇന്ത്യൻസമയം ഞായറാഴ്ച വൈകീട്ടാണ് പരിപാടി തുടങ്ങിയത്. 9.20-ന് ട്രംപും മോദിയും സദസ്യരെ അഭിവാദ്യം ചെയ്തുകൊണ്ട് ഒരുമിച്ച് വേദിയിലെത്തി. പിന്നാലെ ഇന്ത്യ-യു.എസ്. ബന്ധത്തിന്റെ ചരിത്ര, വർത്തമാനങ്ങളും മോദിയുമായുള്ള ഉറ്റസൗഹൃദവും വിശദമാക്കി ട്രംപിന്റെ അരമണിക്കൂർ നീണ്ട പ്രസംഗം. 10.45-ന് സദസ്യർ ഏറെ കാത്തിരുന്ന മോദിയുടെ പ്രസംഗം. ഇന്ത്യയുടെ ശക്തിയും വൈവിധ്യവും വിളിച്ചോതുന്ന ‘വോവെൻ’ എന്ന കലാ-സാംസ്കാരിക പരിപാടിയുമായി നാനൂറോളം കലാകാരൻമാർ തുടർന്ന് വേദിയിലെത്തി. പ്രശസ്ത പോപ്പ് ഗായിക ബിയോൺസെയുടെ സംഗീതപരിപാടി, ഇന്ത്യ-യു.എസ്. പരമ്പരാഗത നാടോടി ഗാന-നൃത്ത സന്ധ്യ എന്നിവയോടെ മൂന്ന് മണിക്കൂർ നീണ്ട സംഗമത്തിന് തിരശ്ശീലവീണു.