ഹൂസ്റ്റൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ചത്തെ യു.എസ്. സന്ദർശനത്തിന് ഊർജമേഖല കമ്പനിമേധാവികളുമായുള്ള കൂടിക്കാഴ്ചയോടെ ഔദ്യോഗിക തുടക്കം. യു.എസിന്റെ ‘ഊർജതലസ്ഥാനം’ ആയാണ് ഹൂസ്റ്റൺ അറിയപ്പെടുന്നത്.

ഊർജ, സുരക്ഷാ മേഖലയിൽ ഒന്നിച്ചുപ്രവർത്തിക്കാനും ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര നിക്ഷേപസഹകരണം വർധിപ്പിക്കാനും ലക്ഷ്യമിട്ടായിരുന്നു കൂടിക്കാഴ്ചയെന്ന് വിദേശകാര്യമന്ത്രാലയവക്താവ് രവീഷ് കുമാർ ട്വിറ്ററിൽ പറഞ്ഞു. യു.എസിലെ പ്രശസ്തമായ എണ്ണക്കമ്പനി സി.ഇ.ഒ.മാരുമായി മോദി ചർച്ചനടത്തുന്നതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസും പുറത്തുവിട്ടു.

ഇന്ത്യയും യു.എസും തമ്മിലുള്ള സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു. ഹൂസ്റ്റണിൽനടന്ന ‘ഹൗഡി മോദി’ സംഗമം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ ഊർജംനൽകിയതായി വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു.

യു.എസ്. പ്രകൃതിവാതകകമ്പനിയായ ടെല്ലൂറിയനും ഇന്ത്യയുടെ പെട്രോനെറ്റും തമ്മിൽ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ധാരണാപത്രവും ഒപ്പിട്ടു. 40 വർഷത്തേക്ക് 50 ലക്ഷം ടൺ എൽ.എൻ.ജി. വാങ്ങാനാണ് ധാരണ. മാർച്ച് 31-ന് കൈമാറ്റക്കരാറിന് അന്തിമതീരുമാനമാകും. പെട്രോനെറ്റ്, ടെല്ലൂറിയനിൽ 250 കോടി ഡോളർ നിക്ഷേപം നടത്തും.

‘‘ഹൂസ്റ്റണിൽ എത്തിയാൽ ഊർജത്തെക്കുറിച്ച് സംസാരിക്കാതിരിക്കാനാവില്ല. മുൻനിരയിലുള്ള വിവിധ ഊർജമേഖലാ കമ്പനിമേധാവികളുമായി ഇന്ന് ചർച്ചനടത്തി. ഏറെ ഫലപ്രദമായിരുന്നു ചർച്ച’’ -പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

നൂറ്റിയമ്പതിലധികം രാജ്യങ്ങളിലായി ഒരുലക്ഷംകോടി ഡോളറിന്റെ ആസ്തിയുള്ള 17 രാജ്യാന്തരകമ്പനികളുടെ മേധാവികളാണ് പങ്കെടുത്തത്. ഈകമ്പനികളെല്ലാം വിവിധതലങ്ങളിൽ ഇന്ത്യയുമായി ഇടപാടുകൾ നടത്തുന്നവയാണ്.

ഹൂസ്റ്റണിൽ സ്നേഹോഷ്മള സ്വീകരണം

ഹൗഡി മോദി പരിപാടിക്കായി ഹൂസ്റ്റണിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ത്യൻസമൂഹം ഊഷ്മളസ്വീകരണമാണ് ഒരുക്കിയത്. ജയ് വിളികളോടെയാണ് അദ്ദേഹത്തെ എതിരേറ്റത്. സ്വീകരണത്തിന് നന്ദിപറഞ്ഞ പ്രധാനമന്ത്രി ഹൂസ്റ്റണിലെ ഇന്ത്യക്കാരുമായി ആദ്യം കൂടിക്കാഴ്ച നടത്തി. ജമ്മുകശ്മീരിന്റെ പ്രത്യേകപദവി നീക്കിയ ചരിത്രപരമായ തീരുമാനത്തിന് കശ്മീരിപണ്ഡിറ്റുകളുടെ പ്രതിനിധിസംഘം അദ്ദേഹത്തിന് നന്ദിയറിയിച്ചു. ‘നിങ്ങൾ ഒരുപാട് അനുഭവിച്ചു. ലോകമെങ്ങും മാറ്റത്തിന്റെ കാറ്റുവീശുകയാണെന്നും അത് കശ്മീരിലും പ്രതിഫലിക്കുമെന്നും എല്ലാവർക്കുംവേണ്ടിയുള്ള ഒരു പുതിയ കശ്മീരിന് ഉടൻ രൂപംനൽകുമെന്നും’ അദ്ദേഹം പണ്ഡിറ്റുകളെ അറിയിച്ചു.

യു.എസിലെ സിഖ് സമൂഹവുമായും ദാവൂദി ബോറ വിഭാഗക്കാരുമായും കൂടിക്കാഴ്ച നടത്തി. കർത്താർപുർ ഇടനാഴി പദ്ധതി യാഥാർഥ്യമാക്കിയതിന് സിഖ്‌ സമൂഹം അദ്ദേഹത്തിന് നന്ദിയറിയിച്ചു.

ഹൂസ്റ്റണിൽ കശ്മീരിപണ്ഡിറ്റുകളുമായി പ്രത്യേകം ചർച്ചനടത്തിയതായും അവർക്ക് എല്ലാപിന്തുണയും ഉറപ്പുനൽകിയതായും മോദി പിന്നീട് ട്വിറ്ററിൽ കുറിച്ചു. ഏഴുലക്ഷം വരുന്ന കശ്മീരിപണ്ഡിറ്റുകൾക്കുവേണ്ടി പ്രധാനമന്ത്രിയോട് നന്ദിപറയുന്നതായി പ്രതിനിധിസംഘത്തെ നയിച്ച സുരീന്ദർ കൗൾ പറഞ്ഞു.

രണ്ടാംതവണ പ്രധാനമന്ത്രിയായശേഷം മോദിയുടെ ആദ്യ യു.എസ്. സന്ദർശനമാണിത്. ഹൂസ്റ്റണിലെ വിമാനത്താവളത്തിൽ വ്യാപാര-അന്താരാഷ്ട്രകാര്യ വിഭാഗം ഡയറക്ടർ ക്രിസ്റ്റഫർ ഓൽസണും മറ്റുദ്യോഗസ്ഥരും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഇന്ത്യയിലെ യു.എസ്. സ്ഥാനപതി കെന്നെത്ത് ജസ്റ്റർ, യു.എസിലെ ഇന്ത്യൻ സ്ഥാനപതി ഹർഷ് വർധൻ ഷൃംഗ്‌ല എന്നിവരും വിമാനത്താവളത്തിലെത്തിയിരുന്നു.

Content Highlights: Howdy Modi