ഹൂസ്റ്റൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാനൊരുങ്ങി യു.എസിലെ ഹൂസ്റ്റൺ നഗരം. ഇന്ത്യൻസമൂഹം സംഘടിപ്പിക്കുന്ന പരിപാടിക്ക് സാക്ഷിയാകാൻ 50,000-ത്തിലേറെ പേരാണ് എത്തുക. ഫ്രാൻസിസ് മാർപാപ്പ യു.എസിൽ പങ്കെടുത്ത പരിപാടിക്കുശേഷം ആദ്യമായാണ് ഇത്രയേറെ കാണികൾ ഒരു രാഷ്ട്രനേതാവിനെ കാണാനെത്തുന്നത്.

എൻ.ആർ.ജി. ഫുട്ബോൾ സ്റ്റേഡിയത്തിൽ മൂന്നുമണിക്കൂർ നീളുന്ന പരിപാടിയിൽ നരേന്ദ്രമോദിക്കൊപ്പം യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പങ്കെടുക്കും. യു.എസിലെ പ്രശസ്ത പോപ് ഗായിക ബിയോൺസെ, റോക്ക് ബാൻഡുകളായ മെറ്റാലിക്ക, യുടു എന്നിവരുടെ പ്രകടനങ്ങൾ പരിപാടിക്ക് മാറ്റുകൂട്ടും. ഇതിനുപുറമേ ഇന്ത്യയുടെയും യു.എസിന്റെയും പാരമ്പര്യ നാടോടി ഗാന-നൃത്ത സന്ധ്യയുമുണ്ടാകും. ഇന്ത്യയുടെ ശക്തിയും വൈവിധ്യവും സൂചിപ്പിക്കുന്ന ‘വോവെൻ’ എന്നു പേരിട്ടിട്ടുള്ള പ്രത്യേക സാംസ്കാരിക പരിപാടിയുമായി 400 കലാകാരന്മാർ അരങ്ങിലെത്തും.

ഹൗഡി മോദിയുടെ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നതായി എൻ.ആർ.ജി. സ്റ്റേഡിയം സന്ദർശിച്ച യു.എസിലെ ഇന്ത്യൻ സ്ഥാനപതി ഹർഷ് വി. ശ്ര്യംഗ്‍ല പറഞ്ഞു. 600 സംഘടനകളുടെയും 1500-ലേറെ വൊളൻറിയർമാരുടെയും നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. മുന്നോടിയായി സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച ഇന്ത്യയുടെയും യു.എസിന്റെയും പതാകകൾ വഹിച്ച ഇരുനൂറോളം കാറുകൾ പങ്കെടുത്ത റാലി നടന്നു.

‘നമോ എഗെയ്ൻ’ (വീണ്ടും നരേന്ദ്രമോദി) എന്നു രേഖപ്പെടുത്തിയ ടിഷർട്ടുകൾ ധരിച്ചാണ് വൊളന്റിയർമാരെത്തുക. നമോ വീണ്ടുമെന്ന് ഒരേസ്വരത്തിൽ പാടിയാകും ഇവർ മോദിയെ സ്വാഗതം ചെയ്യുക.

യു.എസിന്റെയും ഇന്ത്യയുടെയും സംസ്കാരവും ഐക്യവും വിളിച്ചോതുന്ന പരിപാടിയാകും ഹൗഡി മോദി. യു.എസിന്റെ വളർച്ചയിൽ 30 ലക്ഷത്തോളം വരുന്ന ഇന്ത്യൻസമൂഹം നൽകിയ സംഭാവനകളെക്കുറിച്ചും ഇന്ത്യയുടെ വികസനത്തിനും വളർച്ചയ്ക്കുമായുള്ള തന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും മോദി സംസാരിക്കും. ആദ്യമായാണ് ലോകത്തെ രണ്ടു വന്പൻ ജനാധിപത്യരാജ്യങ്ങളിലെ നേതാക്കൾ ഇത്തരത്തിലൊരു വേദിയിൽ ഒന്നിച്ചെത്തുന്നത്. ഇന്ത്യയും യു.എസും തമ്മിലുള്ള പങ്കാളിത്തവും ആഗോള സമാധാനവും ക്ഷേമവും നിലനിർത്തുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും പ്രതിജ്ഞാബദ്ധതയും നേതാക്കൾ പങ്കുവെക്കുമെന്നും ടെക്സസ് ഇന്ത്യാ ഫോറം (ടി.ഐ.എഫ്.) വക്താവ് പ്രീതി ദാവ്‍ര പറഞ്ഞു.

ഇന്ത്യ-യു.എസ്. വ്യാപാരത്തിന്റെ പത്തുശതമാനവും നടക്കുന്നത് ടെക്സസിലൂടെയാണ്. 700 കോടി ഡോളറിന്റെ യു.എസ്. ഉത്പന്നങ്ങളാണ് ടെക്സസും ഇന്ത്യയും തമ്മിൽ നടക്കുന്നത്. ബ്രസീലിലും ചൈനയ്ക്കും മെക്സിക്കോയ്ക്കും ശേഷം ഹൂസ്റ്റണിന്റെ നാലാമത്തെ വലിയ വ്യാപാരപങ്കാളിയാണ് ഇന്ത്യയെന്നും പ്രീതി ദാവ്‍ര പറഞ്ഞു.

Content Highlights: Howdy, Modi Houston