ഹർഷ് വർധൻ ശൃംഗ്‍ല -ഹൗഡി മോദിയുടെ കരുത്ത്

ഹൂസ്റ്റണിൽ ഹൗഡി മോദി സംഗമം വൻവിജയമായെങ്കിൽ അതിനു നട്ടെല്ലായത് യു.എസിലെ ഇന്ത്യൻ സ്ഥാനപതി ഹർഷ്‍‍വർധൻ ശൃംഗ്‍ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുമൊപ്പം അരലക്ഷത്തോളം കാണികളും ആയിരക്കണക്കിന് കലാകാരന്മാരുമാണ് സംഗമത്തിലെത്തിയത്. യു.എസിലെ ഇന്ത്യൻസമൂഹം സംഘടിപ്പിച്ച ചരിത്രത്തിലെ ഏറ്റവുംവലിയ പരിപാടിയായി ഹൗഡി മോദി മാറി.

ഹൗഡി മോദി സംഘടിപ്പിച്ചത് ടെക്സസ് ഇന്ത്യൻ ഫോറമാണെങ്കിലും ശൃംഗ്‍ലയുടെ വാഷിങ്ടണിലെ ഇന്ത്യൻ എംബസിയുടെ നിയന്ത്രണത്തിലായിരുന്നു ഒരുക്കങ്ങൾ. ഹൗഡി മോദിയിലെത്തുന്നതിനുമുമ്പായി 16 യു.എസ്. കമ്പനികളുടെ സി.ഇ.ഒ.മാരുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

യു.എൻ. പൊതുസഭാസമ്മേളനത്തിനിടെ ചൊവ്വാഴ്ച ട്രംപുമായി മോദി വീണ്ടും ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ബുധനാഴ്ച 45 യു.എസ്. കമ്പനികളുമായി മോദി ചർച്ചനടത്തും. പ്രധാനമന്ത്രിയുടെയും വിദേശകാര്യമന്ത്രാലയത്തിന്റെയും ഓഫീസുകളിൽനിന്ന് നിർദേശങ്ങളുണ്ടെങ്കിലും ശൃംഗ്‍ലയെന്ന സ്ഥാനപതിയുടെ കൃത്യമായ ഇടപെടൽ യു.എസിലെ മോദിയുടെ പരിപാടികളിൽ ദൃശ്യമാണ്.

സ്‌പർശ് ഷാ -ദേശീയഗാനം പാടി നെഞ്ചിലിടംനേടി

ഹൗഡി മോദിയിൽ ജനഗണമന മുഴങ്ങുമ്പോൾ എല്ലാ കണ്ണുകളും സ്‍പർശ് ഷാ എന്ന പതിനാറുകാരനിലായിരുന്നു. ഓസ്റ്റോജെനസിസ് ഇംപെർഫെക്ടാ (ബ്രിട്ടിൽ ബോൺ ഡിസീസ്) രോഗം ബാധിച്ച സ്‍പർശ് ഉൾപ്പെട്ട സംഘമാണ് ഹൗഡി മോദിയിൽ ദേശീയഗാനമാലപിച്ചത്.

ന്യൂജെഴ്സിയിൽ താമസിക്കുന്ന ഇന്ത്യൻ വംശജനായ സ്പർശ് റാപ്പറും ഗാനരചയിതാവും മോട്ടിവേഷണൽ സ്‍പീക്കറുമൊക്കെയാണ്. അമേരിക്കൻ റാപ്പറായ എമിനേമിന്റെ ‘നോട്ട് അഫ്രൈഡ്’ എന്ന ഗാനത്തിന് 12-ാം വയസ്സിൽ സ്‍പർശ് ഒരുക്കിയ കവർ വേർഷൻ സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. 6.5 കോടിപ്പേരാണ് ഇത് യൂട്യൂബിൽ കണ്ടത്.

സാത്വിക് ഹെഗ്‍ഡെ -ഒറ്റസെൽഫിയിൽ താരം

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുമൊപ്പം ‘നൂറ്റാണ്ടിന്റെ’ സെൽഫിയെടുത്ത സാത്വിക് ഹെഗ്ഡെയാണ് ഞായറാഴ്ച ഹൂസ്റ്റണിൽ ഏറ്റവും ആഘോഷിക്കപ്പെട്ടയാളെന്നുപറയാം. ഹൗഡി മോദിയിലെ കലാപരിപാടികളിൽ പങ്കെടുത്ത കുട്ടിസംഘത്തോട് ട്രംപും മോദിയും കുശലാന്വേഷണം നടത്തുന്നതിനിടെയാണ് സാത്വിക് ഇരുവരോടും സെൽഫിക്ക് അഭ്യർഥിച്ചത്. നേതാക്കൾ മടികൂടാതെ അവനൊപ്പം പോസുചെയ്തതോടെ ആ വിഖ്യാത സെൽഫി പിറന്നു. കർണാടകയിലെ ഉത്തര കന്നഡയിൽനിന്ന്‌ യു.എസിലേക്ക് കുടിയേറിയ പ്രഭാകർ-മേധ എന്നിവരുടെ മകനാണ് പതിമ്മൂന്നുകാരനായ സാത്വിക്.

content highlights: houston howdy Modi