ഹോങ് കോങ്: ഹോങ്‍ കോങ്ങിൽ മാസങ്ങളോളംനീണ്ട പ്രക്ഷോഭത്തിനുകാരണമായ കുറ്റവാളിക്കൈമാറ്റബിൽ ഭരണകൂടം ഔദ്യോഗികമായി പിൻവലിച്ചു. കുറ്റവാളികളെ വിചാരണയ്ക്കായി ചൈന, തയ്‍വാൻ, മക്കാവു എന്നിവിടങ്ങളിലേക്കു കൈമാറാൻ വ്യവസ്ഥ ചെയ്യുന്നതാണ് വിവാദമായ ബിൽ.

ബിൽ പിൻവലിക്കുന്നതായി ഹോങ്‌ കോങ് സുരക്ഷാസെക്രട്ടറി ജോൺ ലീയാണ് ബുധനാഴ്ച പാർലമെന്റിനെ അറിയിച്ചത്. എന്നാൽ, പാർലമെന്റംഗങ്ങളുടെ ചോദ്യങ്ങളോടു പ്രതികരിക്കാൻ ലീ തയ്യാറായില്ല. ഇക്കാര്യത്തിൽ സംവാദം നടത്താൻ നിയമം അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിൽ പിൻവലിച്ചുവെങ്കിലും ജനാധിപത്യവാദികൾ പ്രക്ഷോഭം അവസാനിപ്പിക്കാൻ തയ്യാറായില്ല. പ്രക്ഷോഭകരുടെ അഞ്ച് ആവശ്യങ്ങളിൽ ഒന്നുമാത്രമാണ് ബിൽ പിൻവലിക്കുകയെന്നത്. സമരക്കാരെ കലാപകാരികളെന്ന് മുദ്രകുത്താതിരിക്കുക, അറസ്റ്റിലായവരെ വിട്ടയക്കുക, സമരക്കാർക്കുനേരെ പോലീസ് നടത്തിയ പീഡനങ്ങളിൽ സ്വതന്ത്രാന്വേഷണം നടത്തുക, ആഗോളതലത്തിൽ പൊതുജനാഭിപ്രായംതേടുക എന്നിവയാണ് മറ്റാവശ്യങ്ങൾ. ഇവയും അംഗീകരിക്കണമെന്ന് പ്രക്ഷോഭകർ ആവശ്യപ്പെട്ടു. എന്നാൽ, ഇവ തന്റെ നിയന്ത്രണത്തിനുമപ്പുറമുള്ള കാര്യങ്ങളാണെന്ന് ഹോങ്‌ കോങ് ഭരണാധികാരി കാരി ലാം ആവർത്തിച്ചു.

അതിനിടെ ബിൽ വിവാദമാകുന്നതിൽ പരോക്ഷമായി കാരണമായ കൊലപാതകക്കേസ് പ്രതി ചാൻ ടോങ് കായി ബുധനാഴ്ച ഹോങ്‌ കോങ്ങിൽ ജയിൽമോചിതനായി. ഗർഭിണിയായ കാമുകി പൂൻ ഹിയു വിങ്ങിനെ തയ്‍വാനിൽ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ ജയിലിലായത്. ചാനിനെ വിചാരണയ്ക്കായി തയ്‍വാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തയ്‍വാനുമായി കുറ്റവാളിക്കൈമാറ്റത്തിന് കരാറില്ലാത്ത സാഹചര്യത്തിലാണ് ഹോങ്‌ കോങ് നിയമഭേദഗതി നടത്തിയത്.

മാസങ്ങൾനീണ്ട പ്രക്ഷോഭത്തിൽ ആയിരക്കണക്കിനുപേരാണ് തെരുവിലിറങ്ങിയത്. പ്രക്ഷോഭത്തിനിടെ പോലീസിന്റെ വെടിയേറ്റ് പതിനെട്ടുകാരനായ വിദ്യാർഥി കൊല്ലപ്പെട്ടിരുന്നു. രണ്ടായിരത്തിലേറെപ്പേർ ജയിലിലാണ്.

കാരി ലാമിനെ മാറ്റാൻ ചൈനീസ് നീക്കമെന്ന് റിപ്പോർട്ട്

ഹോങ് കോങ് ചീഫ് എക്സിക്യുട്ടീവ് സ്ഥാനത്തുനിന്ന് കാരി ലാമിനെ നീക്കാൻ ചൈനീസ് ഭരണകൂടം പദ്ധതിയിടുന്നതായി റിപ്പോർട്ട്. ലാമിനെ നീക്കി ഇടക്കാല ചീഫ് എക്സിക്യുട്ടീവിനെ നിയമിക്കാൻ ചൈന തയ്യാറെടുക്കുന്നുവെന്ന് പേരുവെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് പത്രം റിപ്പോർട്ടുചെയ്തു. എന്നാൽ, ഈ റിപ്പോർട്ട് ചൈന നിരസിച്ചു. കാരി ലാമിനെ ഭരണകൂടം പൂർണമായി പിന്തുണയ്ക്കുന്നുണ്ടെന്നും ഗൂഢോദ്ദേശ്യത്തോടെയുള്ള രാഷ്ട്രീയ കിംവദന്തി മാത്രമാണിതെന്നും ചൈനീസ് വിദേശകാര്യവക്താവ് ഹുവാ ചുൻയിങ് പറഞ്ഞു.

Content Highlights: Hong Kong withdraws extradition bill