ഹോങ്‌ കോങ്: ഹോങ്‌ കോങ്ങിൽ മൂന്നുമാസമായി തുടരുന്ന ജനകീയപ്രതിഷേധം ഫലംകാണുന്നു. വിവാദമായ കുറ്റവാളിക്കൈമാറ്റബിൽ പിൻവലിക്കുന്നതായി ചീഫ് എക്സിക്യുട്ടീവ് കാരി ലാം ബുധനാഴ്ച അറിയിച്ചു. എന്നാൽ, ആവശ്യങ്ങളെല്ലാം അംഗീകരിക്കുന്നതുവരെ പ്രതിഷേധത്തിൽനിന്ന് പിന്നോട്ടില്ലെന്ന് സമരനേതാക്കൾ പറഞ്ഞു.

ചൈനയുടെ പിന്തുണയോടെ നഗരത്തിന്റെ ഭരണം നിയന്ത്രിക്കുന്ന കാരി ലാം ഇക്കഴിഞ്ഞ ജൂണിലാണ് കുറ്റവാളിക്കൈമാറ്റബിൽ അവതരിപ്പിച്ചത്. ചൈനയടക്കമുള്ള രാജ്യങ്ങളിലേക്ക് കുറ്റവാളികളെ വിചാരണയ്ക്കായി കൈമാറാൻ അനുവാദം നൽകുന്ന ബില്ലിനുനേരെ ജനരോഷം അണപൊട്ടി. നാൾക്കുനാൾ ശക്തിവർധിച്ച പ്രതിഷേധം ചൈനയുടെ മുന്നറിയിപ്പുകൊണ്ടും ശമിപ്പിക്കാനായില്ല. പതിനായിരങ്ങൾ ഓരോദിവസം പ്രതിഷേധത്തിനിറങ്ങി.

പ്രതിഷേധക്കാരുടെ അഞ്ചു പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ബിൽ പൂർണമായും പിൻവലിക്കുക എന്നത്. പ്രതിഷേധം കനത്തപ്പോൾ ബിൽ അവതരിപ്പിക്കില്ലെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും പൂർണമായും പിൻവലിക്കില്ലെന്ന നിലപാടിലായിരുന്നു.

‘ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് സർക്കാർ ബിൽ പിൻവലിക്കുകയാണ്’ -ബുധനാഴ്ച വീഡിയോ സന്ദേശത്തിൽ കാരി ലാം പറഞ്ഞു. സർക്കാർ തീരുമാനം ഹോങ്‌ കോങ്ങിൽ സമാധാനം തിരിച്ചുകൊണ്ടുവരാൻ സഹായിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ഹോങ്‌ കോങ് ഓഹരിവിപണിയിൽ നാലുശതമാനം വർധനയും രേഖപ്പെടുത്തി. എന്നാൽ, ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാൻ പ്രതിഷേധം തുടരുമെന്ന് സമരനേതാക്കൾ പിന്നീടുപ്രഖ്യാപിച്ചത് പ്രതീക്ഷകൾക്ക് ചെറുതെങ്കിലും തിരിച്ചടി നൽകുന്നുണ്ട്.

‘വളരെ വൈകിയെടുത്ത ചെറിയൊരു തീരുമാനം’ എന്നാണ് പ്രതിഷേധത്തിന് നേതൃത്വം നൽകി കഴിഞ്ഞദിവസം അറസ്റ്റിലായ നേതാവ് ജോഷ്വ വോങ് പ്രതികരിച്ചത്. ചൈനയിലെയും ഹോങ്‌ കോങ്ങിലെയും സർക്കാരുകൾ തന്ത്രപരമായി നീങ്ങുകയാണെന്നും വോങ് ആരോപിച്ചു.

പ്രതിഷേധങ്ങളെത്തുടർന്ന് അറസ്റ്റിലായ മുഴുവൻപേരെയും മോചിപ്പിക്കുക, അവർക്ക് നീതി നടപ്പാക്കുക, പോലീസ് അതിക്രമത്തിനെതിരേ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കുക, ഭരണകർത്താക്കളെ നേരിട്ട് തിരഞ്ഞെടുക്കാൻ ഹോങ്‌ കോങ്ങുകാർക്ക് അവസരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കപ്പെടുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് സമരനേതാക്കൾ പറയുന്നത്.

ഹോങ്‌ കോങ്

ചൈനയുടെ നിയന്ത്രണത്തിലുള്ള പ്രത്യേക അധികാരമേഖലയാണ് ഹോങ്‌ കോങ്. 1842 മുതൽ ബ്രിട്ടീഷ് കോളനിയായിരുന്നു. 1997-ൽ ബ്രിട്ടൻ ചൈനയ്ക്ക് കൈമാറി. അതിനുശേഷം ചൈനീസ് ഭരണത്തിനുനേരെ നഗരം കാണുന്ന ഏറ്റവുംവലിയ പ്രതിഷേധമാണിത്.

Content Highlights: Hong Kong withdraws extradition bill