ഹോങ്‌ കോങ്: കുറ്റവാളിക്കൈമാറ്റ കരാറിനെതിരെ ഹോങ്‌ കോങ്ങിൽ മൂന്നുമാസത്തോളമായി തുടരുന്ന ജനാധിപത്യപ്രതിഷേധം പുതിയ തലത്തിലേക്ക്. സ്കൂളും കോളേജും ബഹിഷ്കരിച്ച് പതിനായിരത്തോളം വിദ്യാർഥികൾ തിങ്കളാഴ്ച തെരുവിലിറങ്ങി. ജനാധിപത്യ പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന ഡെമൊസിസ്റ്റോ പാർട്ടിയും വിവിധ വിദ്യാർഥിസംഘടനകളുമാണ് ക്ലാസ് ബഹിഷ്കരിക്കാൻ ആഹ്വാനം നൽകിയത്. സ്കൂളുകളിൽ വിദ്യാർഥികൾ മനുഷ്യച്ചങ്ങലകളും സൃഷ്ടിച്ചു.

200 സെക്കൻഡറി വിദ്യാലയങ്ങളിലെ 10,000 വിദ്യാർഥികൾ അധ്യയന വർഷത്തെ ആദ്യദിനം ക്ലാസ് ബഹിഷ്കരിച്ചതായി സംഘാടകർ പറഞ്ഞു. മുഖാവരണം ധരിച്ചെത്തിയ വിദ്യാർഥികൾ എഡിൻബർഗിൽ സംഗമിച്ചപ്പോൾ നേതാക്കൾ അഭിസംബോധന ചെയ്തു. നഗരത്തിൽ രണ്ടുദിവസത്തെ ശക്തമായ പ്രതിഷേധത്തിന് ജനാധിപത്യവാദികൾ ആഹ്വാനം ചെയ്തിരുന്നു.

മൂന്നുദിവസമായി നഗരത്തിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുകളാണ് നടക്കുന്നത്. ശനിയാഴ്ച പെട്രോൾ ബോംബ് എറിഞ്ഞും പാർലമെന്റ് കെട്ടിടം ആക്രമിച്ചും നീങ്ങിയ പ്രതിഷേധക്കാർക്കുനേരേ പോലീസ് കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റും ജലപീരങ്കിയും ഉപയോഗിച്ചാണ് നേരിട്ടത്. അക്രമങ്ങളിലും പോലീസ് നടപടികളിലുമായി നൂറിലധികം പേർക്ക് പരിക്കേറ്റിരുന്നു. ഞായറാഴ്ച പ്രതിഷേധക്കാർ വിമാനത്താവളത്തിലേക്കുള്ള റോഡ് അടക്കം ഉപരോധിച്ചപ്പോൾ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി.

തിങ്കളാഴ്ചയും വിവിധയിടങ്ങളിൽ തീവണ്ടികൾ തടഞ്ഞു. വൈകുന്നേരത്തോടേയാണ് ഗതാഗതം പുനരാരംഭിക്കാനായത്.

Content Highlights: Hong Kong students join protest