ലണ്ടൻ: ഹോങ് കോങ്ങിനുമേൽ നിയന്ത്രണം ശക്തമാക്കുന്ന സുരക്ഷാനിയമമേർപ്പെടുത്തിയ ചൈനയ്ക്കെതിരേ ലോകനേതാക്കൾ. ജപ്പാൻ, തയ്‌വാൻ, യൂറോപ്യൻ യൂണിയൻ, യു.എസ്. എന്നിവ തീരുമാനത്തെ അപലപിച്ചു.

നിയമവാഴ്ചയെ ബാധിക്കുന്ന നടപടിയെ ശക്തമായി എതിർക്കുന്നതായി യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കിൾ പറഞ്ഞു. ഹോങ് കോങ്ങിന്റെ അടിസ്ഥാന സ്വാതന്ത്ര്യത്തിനെതിരേയുള്ള നിയമത്തിലെ അതൃപ്തി ചൈനീസ് നേതൃത്വത്തെ നേരിട്ടും അല്ലാതെയും അറിയിച്ചെന്ന് യൂറോപ്യൻ കമ്മിഷൻ അധ്യക്ഷ ഉർസുല വോൺ ഡെർ ലേയ്ൻ പറഞ്ഞു. ചൈനീസ് നടപടിക്കെതിരേ അന്താരാഷ്ട്ര നീതിന്യായക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായി യൂറോപ്യൻ പാർലമെന്റ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര മൂല്യങ്ങളുടെ ലംഘനത്തിന് ചൈന കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും യൂണിയൻ മുന്നറിയിപ്പുനൽകിയിട്ടുണ്ട്.

ബ്രിട്ടീഷ് പാസ്പോർട്ടുള്ളവരും പാസ്പോർട്ടിന് യോഗ്യരുമായ 30 ലക്ഷംപേർക്ക് ബ്രിട്ടൻ അഭയം നൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. അഞ്ചുവർഷത്തേക്ക് ഹോങ് കോങ് സ്വദേശികൾക്ക് യു.കെ.യിൽ ജോലിചെയ്യാനും പഠിക്കാനും അവസരം നൽകും.

ഹോങ് കോങ്ങിലേക്കുള്ള പ്രതിരോധ ഉത്പന്നങ്ങളുടെയും ആയുധങ്ങളുടെയും കയറ്റുമതി യു.എസ്. നിർത്തിയതായി വിദേശകാര്യസെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ഹോങ് കോങ്ങിനെ ചൈന വിഴുങ്ങുന്നത് കൈയുംകെട്ടി നോക്കിയിരിക്കില്ലെന്നും മുന്നറിയിപ്പുനൽകി.

Content Highlights: Hong Kong security law