ഹോങ്‌ കോങ്: ഹോങ്‌ കോങ്ങിൽ പ്രക്ഷോഭം അടിച്ചമർത്താൻ ഭരണനേതൃത്വം ചൈനയുടെ പിന്തുണയോടെ നടത്തുന്ന മനുഷ്യാവകാശലംഘനങ്ങൾ തടയാൻ യു.എസ്. ഹോങ്‌ കോങ് ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ യു.എസ്. സെനറ്റ് നിയമം കൊണ്ടുവരുന്നു.

‘ഹോങ്‌ കോങ് ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഡെമോക്രസി ബിൽ-2019’ ആണ് പാസാക്കിയത്. ബിൽ നിയമമായാൽ യു.എസ്. നിയമപ്രകാരം ഹോങ്‌ കോങ്ങിൽ നടപടി പ്രഖ്യാപിക്കാനാവും.

ചൊവ്വാഴ്ചയാണ് സെനറ്റ് ഏകകണ്ഠമായി ബിൽ പാസാക്കിയത്. വഷളായിത്തുടരുന്ന യു.എസ്.-ചൈന ബന്ധം കൂടുതൽ മോശമാക്കാൻ പോന്നതാണ് യു.എസ്. നടപടി. തങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടേണ്ടതില്ലെന്ന് ചൈന യു.എസിന് ശക്തമായ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.

ഹോങ്‌ കോങ്ങുകാരുടെ അവകാശങ്ങൾ നിഷേധിക്കുന്നവർക്കുനേരെ ശക്തമായ നടപടികൾ വ്യവസ്ഥചെയ്യുന്നതാണ് ബിൽ. കുറ്റക്കാരെന്നുകണ്ടെത്തുന്ന ചൈനയിലെയും യു.എസിലെയും ഉദ്യോഗസ്ഥർക്കുനേരെവരെ ഉപരോധവും യാത്രാവിലക്ക് അടക്കമുള്ള നടപടികളും പ്രഖ്യാപിക്കാം. ഹോങ്‌ കോങ്ങിൽ ട്രംപ് ഭരണകൂടത്തിന് നേരിട്ട് ഇടപെടാൻ അനുമതിനൽകുന്നതാണ് ബില്ലെന്ന് സെനറ്റർ ഡിക്ക് ഡർബിൻ പറഞ്ഞു.

കുറ്റവാളിക്കൈമാറ്റബില്ലിനുനേരെ ഹോങ്‌ കോങ്ങിൽ ജൂണിൽ ആരംഭിച്ച പ്രതിഷേധമാണ് നാൾക്കുനാൾ ശക്തിപ്രാപിച്ച് ഇപ്പോൾ വലിയ ജനകീയപ്രക്ഷോഭമായത്. ബിൽ പിൻവലിച്ചിട്ടും പ്രക്ഷോഭത്തിന് ശമനമായില്ല. 4500 പേരാണ് ഇതുവരെ അറസ്റ്റിലായത്. ഏറ്റുമുട്ടലുകളിൽ പോലീസുകാരടക്കം രണ്ടായിരത്തോളംപേർക്ക് പരിക്കേൽക്കുകയുംചെയ്തു.

പ്രതിഷേധിച്ച് ചൈന

ബില്ലിനുനേരെ ശക്തമായ പ്രതിഷേധത്തിലാണ് ചൈന. ‘‘പ്രക്ഷോഭകരെ പിന്തുണച്ച് തങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുകയാണ് യു.എസ്. യഥാർഥവസ്തുതകൾ മറച്ചുവെച്ച് ഹോങ്‌ കോങ്ങിന്റെയും ചൈനയുടെയും ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാനാണ് ശ്രമം; അന്താരാഷ്ട്രനിയമങ്ങളുടെ ലംഘനവും. ചൈന ഇത് ശക്തമായി എതിർക്കുന്നു’’ -ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഗെങ് ഷ്വാങ് പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം നടപടികളിൽനിന്ന് യു.എസ്. പിന്മാറണമെന്നും ഏറെ വൈകുംമുമ്പ് ഇടപെട്ട് ബിൽ നിയമമാക്കാതെ തടയണമെന്നും പ്രസ്താവന തുടരുന്നു.

ഹോങ്‌ കോങ്

ചൈനയുടെ നിയന്ത്രണത്തിലുള്ള പ്രത്യേക അധികാരമേഖല. 1842 മുതൽ ബ്രിട്ടീഷ് കോളനിയായിരുന്നു. 1997-ൽ ബ്രിട്ടൻ ചൈനയ്ക്ക് കൈമാറി.

Content Highlights: Hong Kong protests UN