ഹോങ്‌ കോങ്: ഹോങ്‌ കോങ്ങിൽ പ്രമുഖ ജനാധിപത്യപ്രവർത്തകൻ ജോഷ്വ വോങ്ങിനെ പോലീസ് അറസ്റ്റുചെയ്തു. വാരാന്ത്യത്തിൽ നടക്കാനിരിക്കുന്ന പ്രതിഷേധറാലിക്ക് തൊട്ടുമുമ്പാണ് പോലീസിന്റെ നടപടി. വനിതാനേതാവ് ആഗ്നസ് ചൗ, നിരോധിത പ്രൊ ഇൻഡിപെൻഡൻസ് പാർട്ടി നേതാവ് ആൻഡി ചാൻ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. പ്രകടനമുൾപ്പെടെയുള്ള പ്രതിഷേധപരിപാടികൾ പോലീസ് നിരോധിക്കുകയുംചെയ്തു.

ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടി പോലീസ് അനുമതി നിഷേധിച്ചതിനെത്തുടർന്ന് വാരാന്ത്യത്തിലെ പ്രതിഷേധപരിപാടികൾ റദ്ദാക്കുന്നതായി ഹോങ്‌ കോങ് സിവിൽ ഹ്യൂമൻ റൈറ്റ് ഫ്രണ്ട് അറിയിച്ചു. 2014-ലെ ജനാധിപത്യപ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയവരാണ് വിദ്യാർഥിനേതാക്കളായിരുന്ന ജോഷ്വ വോങ്ങും ആഗ്നസ് ചൗവും. രാവിലെ ഏഴരയോടെയാണ് ജോഷ്വയെ പോലീസ് വാനിൽ കയറ്റിക്കൊണ്ടുപോയതെന്നും തങ്ങളുടെ അഭിഭാഷകർ അദ്ദേഹത്തെ പിന്തുടരുന്നുണ്ടെന്നും പ്രവർത്തകർ അറിയിച്ചു. എന്നാൽ, അന്വേഷണത്തിനായി കസ്റ്റഡിയിലെടുത്തെന്നാണ് പോലീസ് പറയുന്നത്. ജപ്പാനിലേക്കുപോകാനെത്തിയ ചാനിനെ ഹോങ്‌ കോങ് രാജ്യാന്തര വിമാനത്താവളത്തിൽനിന്നാണ് അറസ്റ്റുചെയ്തത്.

ഹോങ്‌ കോങ്ങിൽ കുറ്റവാളിക്കൈമാറ്റബില്ലിനുനേരെ ജൂണിൽ ആരംഭിച്ച ജനകീയപ്രതിഷേധമാണ് ഇപ്പോഴും ശക്തമായി തുടരുന്നത്. ഹോങ്‌ കോങ് സിവിൽ ഹ്യൂമൻ റൈറ്റ്സ് ഫ്രണ്ടാണ് ഇപ്പോൾ വാരാന്ത്യങ്ങളിലുള്ള പ്രതിഷേധസമരത്തിന് നേതൃത്വം വഹിക്കുന്നത്. കുറ്റവാളികളെ വിചാരണയ്ക്കായി ചൈന അടക്കമുള്ള രാജ്യങ്ങൾക്ക് കൈമാറാനുള്ള നിർദേശമാണ് വ്യാപകപ്രതിഷേധത്തിന് കാരണമായത്. നിർദേശം ഉടൻ നടപ്പാക്കില്ലെന്ന് ചൈനയുടെ പിന്തുണയുള്ള ചീഫ് എക്സിക്യുട്ടീവ് കാരി ലാം പിന്നീട് വ്യക്തമാക്കിയിരുന്നു. എന്നാൽ, അറസ്റ്റിലായവരെ മുഴുവൻ വെറുതേവിടണമെന്നും കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കണമെന്നുമാണ് ഇപ്പോൾ പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. അതിനിടെ പ്രതിഷേധം നിയന്ത്രിക്കാൻ ചൈന കൂടുതൽ പോലീസിനെ അയച്ചതായും റിപ്പോർട്ടുണ്ട്.

Content Highlights: Hong Kong protests: Three arrested