ഹോങ്‌കോങ്: ഹോങ്‌കോങ് നഗരത്തിൽ ജനാധിപത്യവാദികളുടെ പ്രതിഷേധം അത്യന്തം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുന്നതായി ഭരണാധികാരി കാരി ലാം. തിങ്കളാഴ്ച നഗരവ്യാപകമായി നടന്ന പ്രതിഷേധം അന്താരാഷ്ട്ര വിമാനസർവീസിനെയും തീവണ്ടിസർവീസിനെയും ബാധിച്ചു. പ്രധാനറോഡുകളും പ്രതിഷേധക്കാർ ഉപരോധിച്ചു.

വിവാദമായ കുറ്റവാളിക്കൈമാറ്റ ബില്ലിനെച്ചൊല്ലിയാണ് രണ്ടുമാസംമുമ്പ് ഹോങ്‌കോങ്ങിൽ ജനങ്ങൾ പ്രതിഷേധം ആരംഭിച്ചത്. ചൈന പിന്തുണയ്ക്കുന്ന നഗരഭരണാധികാരി കാരി ലാം ആണ് ബില്ല് കൊണ്ടുവന്നത്. പ്രതിഷേധം കടുത്തതോടെ ബില്ലിലെ വ്യവസ്ഥകൾ നടപ്പാക്കില്ലെന്ന് ഉറപ്പുനൽകിയിട്ടും കൂടുതൽ ജനാധിപത്യം വേണമെന്നും അറസ്റ്റിലായവരെ മുഴുവൻ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം തുടരുകയാണ്.

തിങ്കളാഴ്ച വിമാനങ്ങളും തീവണ്ടികളും മുടങ്ങിയതോടെ യാത്രക്കാർ പലയിടത്തുമായി കുടുങ്ങി. പലർക്കും ഓഫീസിലെത്താനായില്ല. തുടർന്ന് കാരി ലാം പത്രസമ്മേളനം വിളിച്ച്‌ പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ് നൽകി. ഹോങ്‌കോങ്ങിനെ നശിപ്പിക്കാനാണ് ശ്രമം നടക്കുന്നതെന്നും അവർ ആരോപിച്ചു. പ്രതിഷേധത്തെ ക്രിമിനൽ നടപടിയെന്ന് വിശേഷിപ്പിച്ച ചൈന ശക്തമായി നേരിടാനുള്ള കാരി ലാമിന്റെ തീരുമാനത്തിന് നേരത്തേതന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഹോങ്‌കോങ്ങിൽ തിങ്കളാഴ്ച രാവിലെ 100 വിമാനങ്ങളാണ് മുടങ്ങിയത്. ഇതിൽ കൂടുതലും കാതെ പസഫികിന്റേതായിരുന്നു. സർവീസ് റദ്ദാക്കാനുള്ള തീരുമാനത്തെക്കുറിച്ച് കമ്പനി വിശദീകരണമൊന്നും നൽകിയില്ല. നഗരത്തിലെ പ്രമുഖ വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. പ്രതിഷേധക്കാർ നഗരത്തിൽ ഏഴിടത്താണ് റാലിനടത്തിയത്.

Content highlights: Hong Kong protests; flights cancelled