ഹോങ് കോങ്: ഹോങ് കോങ് ജനാധിപത്യ പ്രക്ഷോഭം ശക്തിപ്പെട്ടതോടെ പോലീസ് സമരക്കാരെ കൂട്ടത്തോടെ അറസ്റ്റുചെയ്തുതുടങ്ങി.

പ്രധാനസമരകേന്ദ്രമായ പോളിടെക്നിക് സർവകലാശാല പരിസരത്തുനിന്ന് തിങ്കളാഴ്ച ഒട്ടേറെ പ്രവർത്തകർ പോലീസ് പിടിയിലായി. കഴിഞ്ഞദിവസങ്ങളിൽ രൂക്ഷ ഏറ്റുമുട്ടലിന് വേദിയായ യൂണിവേഴ്സിറ്റി കാമ്പസ് പോലീസ് വളഞ്ഞിരിക്കുകയാണ്. ഇവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച സമരക്കാരെയാണ് പിടികൂടിയത്. തിങ്കളാഴ്ചയും ഇവിടെ പോലീസും സമരക്കാരും ഏറ്റുമുട്ടി. പോലീസ് കാമ്പസിനകത്ത് കടക്കുന്നത് തടയാനായി സമരക്കാർ പ്രവേശനകവാടത്തിൽ പരക്കെ തീയിട്ടു. മൂന്നുതവണ വെടിയുതിർത്തതായും എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പോലീസ് പറഞ്ഞു.

അതിനിടെ, സമരക്കാർ മുഖംമൂടി ധരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഹോങ് കോങ് ഭരണകൂടത്തിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹോങ് കോങ് ബ്രിട്ടീഷ് ഭരണത്തിൻകീഴിലായിരുന്നപ്പോൾ നിലവിൽവന്ന നിയമപ്രകാരമാണ് ഒക്ടോബർ മുതൽ മുഖംമൂടി ധരിക്കുന്നതിന് നിരോധനമേർപ്പെടുത്തിയത്.

ചൈനീസ് സൈന്യം ശനിയാഴ്ച സംഘർഷമേഖലയിലെത്തിയെങ്കിലും ഇനിയും ക്രമസമാധാന പ്രശ്നങ്ങളിലിടപെട്ടിട്ടില്ല. എന്നാൽ, തങ്ങളുടെ പരമാധികാരവും ഹോങ് കോങ്ങിന്റെ സ്ഥിരതയും നിലനിർത്താൻ ചൈനയ്ക്കുള്ള താത്പര്യത്തെ ആരും നിസ്സാരമായി കാണേണ്ടെന്ന് തിങ്കളാഴ്ച ചൈന മുന്നറിയിപ്പ് നൽകി. യു.കെ.യിലെ ചൈനീസ് അംബാസഡർ ലിയു ഷിയോമിങ് ലണ്ടനിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രക്ഷോഭത്തിന് പുറത്തുനിന്ന് ലഭിക്കുന്ന പിന്തുണയെയും ലിയു പരോക്ഷമായി പരാമർശിച്ചു. പുറത്തുനിന്നുള്ള ഒരിടപെടലും ചൈന അംഗീകരിക്കില്ലെന്ന് ലിയു പറഞ്ഞു.

Content Highlights: Hong Kong Protests